
ചെന്നൈ: തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പുതിയ ശക്തിയായി ഉയർന്ന തമിഴക വെട്രി കഴകം (ടിവികെ) നാളെ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനൊരുങ്ങുന്നു. പാർട്ടി സ്ഥാപകനും നടനുമായ ജോസഫ് വിജയ് ചന്ദ്രശേഖർ സംസ്ഥാന ഗവർണർ വിശ്വനാഥ് അർലേക്കർ- നെ മൂന്നാം തവണയും സന്ദർശിച്ച് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു.

2026 മാർച്ചിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 234 സീറ്റുകളിൽ 108 സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും ഭൂരിപക്ഷത്തിനാവശ്യമായ 118 സീറ്റിലെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് രണ്ട് ദിവസമായി നടന്ന തിരക്കേറിയ രാഷ്ട്രീയ ചർച്ചകൾക്കും നീക്കങ്ങൾക്കുമൊടുവിൽ കോൺഗ്രസ്, സിപിഐ, സിപിഐ(എം), വിസികെ, ഐയുഎംഎൽ എന്നീ പാർട്ടികൾ പിന്തുണ അറിയിച്ചതായി ടിവികെ നേതൃത്വം അറിയിച്ചു.
വിസികെ നാളെ ഔദ്യോഗിക പിന്തുണക്കത്ത് സമർപ്പിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ഇതോടെ ടിവികെയുടെ നേതൃത്വത്തിലുള്ള പുതിയ സഖ്യ സർക്കാർ രൂപീകരണത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്.
51 കാരനായ വിജയിയുടെ രാഷ്ട്രീയ ഉയർച്ച തമിഴ്നാട്ടിലെ രാഷ്ട്രീയ രംഗത്ത് വലിയ മാറ്റത്തിനാണ് സൂചന നൽകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള ഒരുക്കങ്ങൾ ചെന്നൈയിൽ പുരോഗമിക്കുകയാണ്.