
പത്തനാപുരം: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലെ ജനങ്ങളുടെ ആത്മാർത്ഥ സ്നേഹവും പ്രാർത്ഥനയും ഓർമ്മിപ്പിക്കുന്ന അനുഭവം പങ്കുവെച്ച് ജ്യോതികുമാർ ചാമക്കാലയുടെ വികാരനിർഭരമായ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഒരു സാധാരണ തൊഴിലാളിയായ യുവതി തന്റെ വിജയത്തിനായി പഴനിയിൽ മുടി വഴിപാടായി നൽകിയ സംഭവമാണ് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

കഴിഞ്ഞ മെയ് 4-ന് ഫലപ്രഖ്യാപനത്തിന്റെ ആവേശത്തിനിടെയായിരുന്നു മൊട്ടയടിച്ച ശിരസ്സുമായി ഒരു യുവതി ജ്യോതികുമാർ ചാമക്കാലയെ കാണാനെത്തിയത്. “സാറിന്റെ വിജയത്തിനായി ഞാൻ പഴനിയിൽ പോയി മുടി വഴിപാടായി നൽകി” എന്ന് അവർ പറഞ്ഞെങ്കിലും വിജയാഘോഷങ്ങളുടെ തിരക്കിൽ കൂടുതൽ സംസാരിക്കാൻ അന്ന് അവസരം ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം കുറിച്ചു.
തുടർന്ന് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തപ്പോഴാണ് അതേ യുവതിയെ വീണ്ടും കണ്ടത്. കുന്നിക്കോട് സ്വദേശിനിയായ രാഗിണി എന്ന യുവതി ചടങ്ങിൽ കാറ്ററിംഗ് വിഭാഗത്തിൽ സഹായിയായി ജോലി ചെയ്യുകയായിരുന്നു. തന്നെ കണ്ടതും ഓടിയെത്തി കെട്ടിപ്പിടിച്ച് കരഞ്ഞുവെന്നും, ആ നിമിഷം വിജയത്തിന്റെ തിളക്കത്തേക്കാൾ പവിത്രമായ സ്നേഹത്തിന്റെ പ്രകടനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് ലഭിക്കുന്ന ചെറിയ കൂലിയിൽ നിന്നൊരു പങ്ക് മാറ്റിവെച്ച്, തന്റെ സ്ഥാനാർത്ഥിയുടെ വിജയത്തിനായി പഴനിയിൽ പോയി മുടി വഴിപാടായി സമർപ്പിച്ച രാഗിണിയുടെ മനസ്സിന് മുന്നിൽ ഹൃദയപൂർവ്വം ശിരസ്സുനമിക്കുന്നുവെന്ന് ജ്യോതികുമാർ ചാമക്കാല വ്യക്തമാക്കി.
“നന്മയുണ്ടാകാൻ ഞങ്ങൾ കൂടെയുണ്ട്” എന്ന് ഉറച്ചുപറയുന്ന രാഗിണി ഉൾപ്പെടെയുള്ളവരുടെ ആത്മാർത്ഥതയാണ് തന്റെ ഏറ്റവും വലിയ സമ്പാദ്യമെന്നും, ഒരു രാഷ്ട്രീയ പ്രവർത്തകന് ഇതിലും വലിയ സ്നേഹം ലഭിക്കാനില്ലെന്നും അദ്ദേഹം കുറിച്ചു. “ഈ ചേർത്തുപിടിക്കലിന് പത്തനാപുരത്തോളം വലിപ്പമുണ്ട്” എന്ന വാക്കുകളും കുറിപ്പിൽ ഉൾപ്പെടുത്തി.
ജനപ്രതിനിധി എന്നതിനേക്കാൾ ഉപരി ജനങ്ങളുടെ സ്നേഹത്തിന് കാവലായി, അവരിൽ ഒരുവനായി എന്നും താനുണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം, “ഈ സ്നേഹമാണ് എന്റെ ഇന്ധനം, ഈ വിശ്വാസമാണ് എന്റെ വഴിവിളക്ക്” എന്ന വരികളോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്.