
കൊച്ചി: സംസ്ഥാനത്തെ നടുക്കിയ കൊച്ചിയിലെ അവയവ കച്ചവട കേസിലെ മുഖ്യപ്രതി പിടിയിലായി. എറണാകുളം കുന്നത്തുനാട് പെരിങ്ങാലയിൽ വാടകയ്ക്ക് താമസിക്കുന്ന കാസർഗോഡ് കൽനാട് അൽനിഹാമത്ത് മൻസിലിൽ മുഹമ്മദ് നജീബ് (53) ആണ് പൊലീസ് പിടിയിലായത്. ഉത്തർപ്രദേശിലെ ഖാസിയാബാദിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

അന്വേഷണം ശക്തമായതോടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് നജീബ് ഒളിവിൽ പോയിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി അന്വേഷണം വ്യാപിപ്പിച്ച പൊലീസ് സംഘം ഖാസിയാബാദിൽ ഇയാളുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് ഇന്ന് പുലർച്ചെ അറസ്റ്റ് നടന്നത്.
ഇതിനുമുമ്പ് നജീബിന്റെ ഭാര്യ കുന്നത്തുനാട് പെരിങ്ങാല ബൈത്തുൽറഹ്മ വീട്ടിൽ റഷീദയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ മൂന്ന് പേരും കൊല്ലം ജില്ലയിലെ മൂന്ന് പേരും നേരത്തെ പിടിയിലായിട്ടുണ്ട്.
സംഘടിത അവയവ കച്ചവട ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിച്ചുവരുന്നു.