
തിരുവനന്തപുരം: കെഎസ്‌ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തീരുമാനം സ്വകാര്യ ബസ് മേഖലയെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് ബസ് ഉടമ സംഘടനകൾ ആരോപിച്ചു.

സ്വകാര്യ ബസുകളിലെ യാത്രക്കാരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നും, ഇവർ കെഎസ്‌ആർടിസിയിലേക്ക് മാറിയാൽ സ്വകാര്യ ബസുകളുടെ വരുമാനം കുത്തനെ ഇടിയുമെന്നും ഉടമകൾ ചൂണ്ടിക്കാട്ടുന്നു. ഇതോടെ നിരവധി സർവീസുകൾ നിർത്തേണ്ട സാഹചര്യം ഉണ്ടാകുമെന്നും ലക്ഷക്കണക്കിന് തൊഴിലാളികളുടെ ഉപജീവനവും പ്രതിസന്ധിയിലാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.
സ്ത്രീ യാത്രക്കാരുടെ എണ്ണം കുറഞ്ഞാൽ സ്വകാര്യ ബസുകൾ പ്രധാനമായും വിദ്യാർത്ഥി സർവീസുകളായി ചുരുങ്ങുമെന്നും അത് സാമ്പത്തികമായി നിലനിൽപ്പില്ലാത്ത സാഹചര്യം സൃഷ്ടിക്കുമെന്നും ബസ് ഉടമകൾ വ്യക്തമാക്കി.
മേഖലയിലെ പങ്കാളികളുമായി ചർച്ച നടത്താതെയാണ് സർക്കാർ തീരുമാനം കൈക്കൊണ്ടതെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ വിമർശിച്ചു. തീരുമാനം നടപ്പിലാക്കുന്നതിന് മുമ്പ് സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ അടിയന്തര ചർച്ച നടത്തണമെന്നും, മേഖലയെ സംരക്ഷിക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, സ്ത്രീ യാത്രക്കാരുടെ കണക്ക് ശേഖരിക്കുന്നതിനായി കെഎസ്‌ആർടിസി ബസുകളിൽ ‘ജെൻഡർ ടിക്കറ്റിംഗ്’ സംവിധാനം ആരംഭിച്ചിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം.