
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ കെഎസ്ആർടിസി പെൻഷൻ വിതരണം മുടങ്ങി. കൊല്ലം,തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ മെയ് മാസത്തെ പെൻഷനാണ് ഇതുവരെ ലഭിക്കാതിരുന്നത്. ഏകദേശം 25,000 പെൻഷൻക്കാരാണ് ഇതുമൂലം പ്രതിസന്ധിയിലായത്. ഇതിൽ ഏറ്റവും കൂടുതൽ പേർ കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണെന്നാണ് വിവരം.

സഹകരണ സംഘങ്ങളുടെ കൺസോർഷ്യം രൂപീകരിച്ചാണ് കെഎസ്ആർടിസി പെൻഷൻ തുക സർക്കാർ കണ്ടെത്തുന്നത്. സഹകരണ സംഘങ്ങൾ മുഖേന പെൻഷൻ വിതരണം നടത്തിയ ശേഷം സർക്കാർ പിന്നീട് പലിശ സഹിതം തുക തിരികെ നൽകുന്ന രീതിയാണ് നിലവിലുള്ളത്.
എന്നാൽ ഈ നാല് ജില്ലകളിലെയും സഹകരണ സംഘങ്ങൾ ഫണ്ട് അനുവദിക്കാത്തതാണ് പെൻഷൻ വിതരണം മുടങ്ങാൻ കാരണമായതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഫണ്ട് ലഭ്യമാകാത്തതോടെ ആയിരക്കണക്കിന് പെൻഷൻക്കാർ സാമ്പത്തിക ബുദ്ധിമുട്ടിലായിരിക്കുകയാണ്.
പെൻഷൻ വിതരണം എപ്പോൾ പുനരാരംഭിക്കുമെന്ന് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.