
നൂറനാട്: അയൽവീട്ടിലെ കിണറ്റിൽ വീണ എലിയെ പുറത്തെടുക്കാൻ ഇറങ്ങിയയാൾ ശ്വാസംമുട്ടി മരിച്ചു. പാലമേൽ ഉളവുക്കാട് തെക്കേടത്ത് വീട്ടിൽ ജയചന്ദ്രൻ (60) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. അയൽവാസിയുടെ കിണറ്റിനുള്ളിലേക്ക് ഇറങ്ങിയ ജയചന്ദ്രൻ ശ്വാസം കിട്ടാതെ കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കൂടെ സഹായത്തിനായി ഉണ്ടായിരുന്നയാളുടെ ബഹളം കേട്ടാണ് വീട്ടുകാർ വിവരം അറിഞ്ഞത്.
തുടർന്ന് നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ജയചന്ദ്രനെ പുറത്തെടുക്കാൻ സാധിച്ചില്ല. വിവരമറിഞ്ഞെത്തിയ കേരള അഗ്നിശമന സേനയുടെ കായംകുളം യൂണിറ്റ് കിണറ്റിൽ നിന്ന് ജയചന്ദ്രനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ടുദിവസം മുമ്പ് ജയചന്ദ്രൻ ഇതേ കിണർ വൃത്തിയാക്കാൻ ഇറങ്ങിയിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. ഹോട്ടൽ തൊഴിലാളിയായിരുന്നു അദ്ദേഹം.