
വി ഡി സതീശനെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി (യു.ഡി.എഫ്) നേടിയ വൻവിജയത്തിന് പിന്നാലെ ദിവസങ്ങളായി നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഇതോടെ വിരാമമായി. തിരുവനന്തപുരം, ന്യൂഡൽഹി എന്നിവിടങ്ങളിലായി നടന്ന രാഷ്ട്രീയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം പ്രഖ്യാപിച്ചത്.

കേരളത്തിൻ്റെ എ.ഐ.സി.സി ചുമതലയുള്ള നേതാവ് ദീപ ദാസ്മുൻസി വാർത്താസമ്മേളനത്തിൽ പ്രഖ്യാപനം നടത്തി. കേന്ദ്ര നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ സതീശൻ പാർട്ടിക്കുള്ളിലെ ചർച്ചകൾക്കൊടുവിൽ ഏകകണ്ഠ സ്ഥാനാർത്ഥിയായാണ് ഉയർന്നുവന്നത്.
140 അംഗ നിയമസഭയിൽ യു.ഡി.എഫ് 102 സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലേക്ക് തിരിച്ചെത്തിയത്. പത്ത് വർഷമായി അധികാരത്തിലിരുന്ന പിണറായി വിജയൻ നയിച്ച എൽ.ഡി.എഫ് സർക്കാരിന് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പിൽ ഉണ്ടായത്. എൽ.ഡി.എഫ് 35 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോൾ ബി.ജെ.പി ചെറിയ തോതിൽ സാന്നിധ്യം രേഖപ്പെടുത്തി.
കോൺഗ്രസ് 63 സീറ്റുകളും മുസ്ലിം ലീഗ് 22 സീറ്റുകളും നേടി. മറ്റ് യു.ഡി.എഫ് ഘടകകക്ഷികളും മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് മുന്നണി 100 കടന്നത്.
എറണാകുളം ജില്ലയിലെ പറവൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച വി.ഡി. സതീശൻ 20,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പത്ത് വർഷത്തിന് ശേഷം യു.ഡി.എഫിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ നേതൃത്വം നൽകിയതിൽ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിർണായക പങ്കുണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നുവെങ്കിലും, പാർട്ടിയിലെയും ഘടകകക്ഷികളിലെയും ശക്തമായ പിന്തുണ സതീശന് അനുകൂലമായി. ആറുതവണ എം.എൽ.എയായ സതീശൻ പ്രതിപക്ഷ നേതാവെന്ന നിലയിലെ പ്രവർത്തനത്തിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും ശ്രദ്ധ നേടിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ രാജി സമർപ്പിച്ചതായി അറിയിച്ചിട്ടുണ്ട്. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുംവരെ തുടരാൻ ഗവർണർ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തൊഴിൽ, അടിസ്ഥാന സൗകര്യ വികസനം, ക്ഷേമപദ്ധതികൾ, മതനിരപേക്ഷത സംരക്ഷണം തുടങ്ങിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നതാകും പുതിയ സർക്കാരിന്റെ പ്രധാന മുൻഗണനകൾ. കേരള രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവായാണ് യു.ഡി.എഫിന്റെ തിരിച്ചുവരവ് വിലയിരുത്തപ്പെടുന്നത്.