You are currently viewing അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രത്തില്‍ റെയ്ഡ്; 91 സിലിണ്ടറുകള്‍ പിടിച്ചെടുത്തു

അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രത്തില്‍ റെയ്ഡ്; 91 സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട്: അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രത്തില്‍ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 91 ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു. ഓമശ്ശേരി പഞ്ചായത്തിലെ തെച്ച്യാട് പ്രദേശത്തെ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്.

പരിശോധനയില്‍ 29 ഗാര്‍ഹിക സിലിണ്ടറുകള്‍, 31 വാണിജ്യ സിലിണ്ടറുകള്‍, രണ്ട് ചെറിയ സിലിണ്ടറുകള്‍ ഉള്‍പ്പെടെ 62 സിലിണ്ടറുകള്‍ കേന്ദ്രത്തില്‍നിന്ന് കണ്ടെത്തി. കൂടാതെ തൊട്ടടുത്ത വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 29 സിലിണ്ടറുകളും അധികൃതര്‍ പിടിച്ചെടുത്തു.

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സിലിണ്ടറുകളില്‍നിന്ന് ഗ്യാസ് മാറ്റി വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളിലേക്ക് നിറയ്ക്കാന്‍ ഉപയോഗിച്ചിരുന്ന അഞ്ച് മോട്ടോറുകളും പരിശോധന സംഘത്തിന് കണ്ടെത്താനായി. അനധികൃത ഗ്യാസ് മാറ്റിനിറയ്ക്കല്‍ പൊതുസുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പിടിച്ചെടുത്ത സിലിണ്ടറുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി തിരുവമ്പാടിയിലെ ഇൻഡെയ്ൻ ഗ്യാസ് ഏജന്‍സിക്ക് കൈമാറി.

ജില്ലാ സപ്ലൈ ഓഫീസര്‍ ആര്‍. ബോബര്‍, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസര്‍ സന്തോഷ് ചോലയില്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ കബീര്‍, വിനോദ്, വിഗീഷ്, നൗഫല്‍ എന്നിവരും ജീവനക്കാരനായ മൊയ്തീന്‍കോയയും പരിശോധനയില്‍ പങ്കെടുത്തു.

Leave a Reply