
ന്യൂഡൽഹി ലക്ഷ്യമാക്കി തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട തിരുവനന്തപുരം – ഡൽഹി രാജധാനി എക്സ്പ്രസ് ട്രെയിനിൽ ഞായറാഴ്ച പുലർച്ചെ തീപിടിത്തമുണ്ടായെങ്കിലും യാത്രക്കാരെല്ലാം സുരക്ഷിതരായി രക്ഷപ്പെട്ടു. മധ്യപ്രദേശിലെ രത്ലാമിനും രാജസ്ഥാനിലെ കോട്ടയ്ക്കുമിടയിലുള്ള അലോട്ടിനും വിക്രംഗഢ് റെയിൽവേ സ്റ്റേഷനുകൾക്കുമിടയിൽ പുലർച്ചെ 5.15 ഓടെയാണ് സംഭവം ഉണ്ടായത്.

ട്രെയിനിലെ എസി കോച്ചായ ബി-1 ലാണ് ആദ്യം തീപിടിത്തമുണ്ടായത്. അപകടസമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നുവെങ്കിലും റെയിൽവേ ജീവനക്കാരുടെയും സഹയാത്രികരുടെയും സമയോചിത ഇടപെടലിലൂടെ കോച്ചിലുണ്ടായിരുന്ന 68 യാത്രക്കാരെയും 15 മിനിറ്റിനുള്ളിൽ സുരക്ഷിതമായി പുറത്തേക്ക് മാറ്റി. ആർക്കും പരിക്കുകളോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ട്രെയിനിൽ നിരവധി മലയാളി യാത്രക്കാരും ഉണ്ടായിരുന്നു.
തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ റെയിൽവേ അധികൃതർ ഉടൻ തന്നെ ഓവർഹെഡ് ഇലക്ട്രിക് സപ്ലൈ (OHE) വിച്ഛേദിക്കുകയും തീപിടിച്ച ബോഗികൾ ട്രെയിനിൽ നിന്ന് വേർപെടുത്തുകയും ചെയ്തു. പിന്നാലെ ഫയർഫോഴ്സ് സംഘം എത്തി തീയണച്ചെങ്കിലും ബി-1 കോച്ചും അതിനോട് ചേർന്ന മറ്റൊരു ബോഗിയും പൂർണമായും കത്തിനശിച്ചു.
ദുരന്തബാധിതരായ യാത്രക്കാരെ മറ്റ് കോച്ചുകളിലേക്ക് താൽക്കാലികമായി മാറ്റി. തുടർന്ന് കോട്ട സ്റ്റേഷനിൽ പുതിയ കോച്ച് ഘടിപ്പിക്കാൻ റെയിൽവേ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
അപകടത്തെ തുടർന്ന് മുംബൈ-ഡൽഹി റൂട്ടിലെ റെയിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. പത്തോളം ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടേണ്ട സാഹചര്യമുണ്ടായി.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ കോട്ട ഡിവിഷൻ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.