
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രൂപീകരിക്കുന്ന പുതിയ യു.ഡി.എഫ് സർക്കാരിന്റെ മന്ത്രിസഭാ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ പ്രഖ്യാപിച്ചു. 21 അംഗ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. കോൺഗ്രസ്, മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ്, ആർ.എസ്.പി, സി.എം.പി ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ചുമതലയേൽക്കുമ്പോൾ ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തല കൈകാര്യം ചെയ്യും. റവന്യൂ വകുപ്പ് സണ്ണി ജോസഫ്നും വൈദ്യുതി വകുപ്പ് കെ മുരളീധരനും നൽകിയിട്ടുണ്ട്. മുസ്‌ലിം ലീഗിൽ നിന്ന് പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ നാല് നേതാക്കൾ മന്ത്രിസഭയിൽ ഇടം നേടി.
ടൂറിസം വകുപ്പ് പി.സി വിഷ്ണുനാഥ് കൈകാര്യം ചെയ്യും. എക്സൈസ്, സഹകരണ വകുപ്പുകളുടെ ചുമതല എം ലിജുവിന് നൽകിയപ്പോൾ, വനം വകുപ്പ് ടി സിദ്ദിഖ്നു ലഭിച്ചു. വനിതാ-ശിശു വികസന വകുപ്പ് ബിന്ദു കൃഷ്ണയും ഉന്നത വിദ്യാഭ്യാസ വകുപ്പ് റോജി എം ജോൺ കൈകാര്യം ചെയ്യും. ആരോഗ്യമന്ത്രിയായി എ.പി അനിൽകുമാർ എത്തും.
മുസ്‌ലിം ലീഗിൽ നിന്ന് കെ എം ഷാജി, പി കെ ബഷീർ, എൻ ഷംസുദ്ധീൻ, വി ഇ അബ്ദുൾ ഗഫൂർ എന്നിവർ മന്ത്രിസഭയിൽ അംഗങ്ങളാകും. കേരള കോൺഗ്രസിനെ പ്രതിനിധീകരിച്ച് മോൻസ് ജോസഫും, ആർ.എസ്.പിയിൽ നിന്ന് ഷിബു ബേബി ജോണും, കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗത്തിൽ നിന്ന് അനൂപ് ജേക്കബും മന്ത്രിസഭയിൽ ഇടം നേടി. സി.എം.പി നേതാവ് സി.പി ജോണിനും മന്ത്രിസ്ഥാനം ലഭിച്ചിട്ടുണ്ട്.
യുവജനക്ഷേമ വകുപ്പ് ഓ.ജെ ജനീഷ് കൈകാര്യം ചെയ്യും. അതേസമയം, മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കറായും, ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായും ചുമതലയേൽക്കും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള ഒരുക്കങ്ങൾ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.