
കൊല്ലം:കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജില്ലാ കമ്മിറ്റി യോഗവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് ജില്ലാ സെക്രട്ടറി സ.എസ്. സുദേവൻ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റി യോഗത്തിൽ നടന്ന ചർച്ചകളെ കുറിച്ചുള്ള ചില റിപ്പോർട്ടുകൾ യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തവയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അപ്രതീക്ഷിത തിരിച്ചടിയാണ് ഉണ്ടായതെന്നത് യാഥാർഥ്യമാണെന്നും, എല്ലാ തിരഞ്ഞെടുപ്പുകൾക്കു ശേഷവും പതിവായി നടത്താറുള്ളതുപോലെ വാർഡ് തലത്തിൽ നിന്ന് സംസ്ഥാനതലം വരെ പാർട്ടി കമ്മിറ്റികൾ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വിശദമായ പരിശോധനയും അവലോകനവും നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സംസ്ഥാനത്തുടനീളം ജില്ലാ കമ്മിറ്റി യോഗങ്ങൾ നടന്നതെന്ന് വിശദീകരിച്ച സുദേവൻ, തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ-സംഘടനാപരമായ കാര്യങ്ങളാണ് യോഗങ്ങളിൽ പ്രധാനമായും ചർച്ചയായതെന്നും പറഞ്ഞു. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പോരായ്മകൾ പരിഹരിക്കുന്നതിനുമായി ഗൗരവമായ ചർച്ചകളാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യോഗങ്ങളിൽ ചർച്ച ചെയ്യാത്തതും തികച്ചും സങ്കൽപ്പികവുമായ കാര്യങ്ങളാണ് ചില പത്ര-ദൃശ്യ മാധ്യമങ്ങൾ വാർത്തകളായി പ്രചരിപ്പിക്കുന്നതെന്ന് സി.പി.ഐ.(എം) ആരോപിച്ചു. പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്ന പ്രതീതി സൃഷ്ടിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്നും ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി.
വ്യാജവും അടിസ്ഥാനരഹിതവുമായ വാർത്തകൾ തള്ളിക്കളയണമെന്ന് ജനാധിപത്യ സമൂഹത്തോട് സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.