You are currently viewing കേരളത്തിന് പുതിയ സർക്കാർ; വി.ഡി. സതീശനും 20 അംഗ മന്ത്രിസഭയും ചുമതലയേറ്റു

കേരളത്തിന് പുതിയ സർക്കാർ; വി.ഡി. സതീശനും 20 അംഗ മന്ത്രിസഭയും ചുമതലയേറ്റു

തിരുവനന്തപുരം:കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശനും അദ്ദേഹത്തിന്റെ 20 അംഗ മന്ത്രിസഭയും ഞായറാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന വിപുലമായ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 10.15-ഓടെ ആരംഭിച്ച ചടങ്ങിൽ ഗവർണർ ആർ. വി. ഹർലേക്കർ മന്ത്രിമാർക്ക് ഔദ്യോഗിക പദവിയുടെയും രഹസ്യസ്വഭാവത്തിന്റെയും സത്യവാചകം ചൊല്ലിക്കൊടുത്തു.

കഴിഞ്ഞ ആറു ദശാബ്ദത്തിനിടയിൽ ആദ്യമായാണ് കേരളത്തിൽ ഒരു മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും — മുഖ്യമന്ത്രിയെ ഉൾപ്പെടെ 21 പേരും — ഒരേ വേദിയിൽ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇതോടെ ചടങ്ങ് ചരിത്രപരമായ രാഷ്ട്രീയ നിമിഷമായി മാറി.

കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി പതിനായിരക്കണക്കിന് യു.ഡി.എഫ് പ്രവർത്തകരും അനുഭാവികളും തലസ്ഥാന നഗരിയിൽ എത്തി. സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കാത്ത പൊതുജനങ്ങൾക്കായി തിരുവനന്തപുരം നഗരത്തിലെ ആറിടങ്ങളിൽ വൻ എൽഇഡി സ്ക്രീനുകൾ സ്ഥാപിച്ച് ചടങ്ങിന്റെ തത്സമയ സംപ്രേഷണം ഒരുക്കിയിരുന്നു.

ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളുടെ വലിയ നിര ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

അതോടൊപ്പം സിദ്ധർമയ്യ, ഡി.കെ. ശിവകുമാർ, രേവന്ത് റെഡ്ഡി, സുഖ്വീന്ദർ സിംഗ് സുഖു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ഇടതുപക്ഷ നേതാക്കൾ, ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

മുഖ്യമന്ത്രി വി.ഡി. സതീശന് പുറമെ കോൺഗ്രസിൽ നിന്ന്രമേശ് ചെന്നിത്തല, കെ.മുരളീധരൻ, സണ്ണി ജോസഫ്, എ.പി.അനിൽകുമാർ എന്നിവരും മുസ്ലിം ലീഗിൽ നിന്ന് പി കെ കുഞ്ഞാലിക്കുട്ടിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഘടകകക്ഷികളിൽ നിന്ന് ഷിബു ബേബി ജോൺ, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, സി.പി. ജോൺ എന്നിവരും മന്ത്രിസഭയിലെത്തി. മന്ത്രിസഭയിൽ രണ്ട് വനിതകളും പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള രണ്ട് പ്രതിനിധികളും ഉൾപ്പെട്ടിട്ടുണ്ട്.

ചടങ്ങിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് വഴി മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ചു. കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി സന്ദേശത്തിൽ വ്യക്തമാക്കി.

Leave a Reply