
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്ക് വലിയ ആശ്വാസമായി കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കാൻ പുതിയ യുഡിഎഫ് സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി വി.ഡി സതീശൻഅധ്യക്ഷനായ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ പ്രധാന ഗ്യാരണ്ടികളിൽ ഒന്നായ ഈ പ്രഖ്യാപനത്തിന് അംഗീകാരം ലഭിച്ചത്.

2026 ജൂൺ 15 മുതൽ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി. കേരളത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കും ഈ ആനുകൂല്യം ലഭ്യമാകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. എന്നാൽ ഏത് തരം കെഎസ്ആർടിസി ബസുകളിലാണ് സൗജന്യ യാത്ര അനുവദിക്കുക, യാത്രയ്ക്കായി പ്രത്യേക കാർഡ് ആവശ്യമുണ്ടോ തുടങ്ങിയ വിശദമായ മാർഗ്ഗരേഖകൾ വരും ദിവസങ്ങളിൽ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.
സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം വർദ്ധിപ്പിക്കുകയും പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പദ്ധതി നിലവിൽ വന്നാൽ പ്രതിദിന യാത്രയ്ക്കായി കെഎസ്ആർടിസിയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകൾക്ക് വലിയ സാമ്പത്തിക ആശ്വാസമാകും ലഭിക്കുക.
ആദ്യ മന്ത്രിസഭാ യോഗത്തിൽ ജനക്ഷേമവുമായി ബന്ധപ്പെട്ട മറ്റ് നിർണായക തീരുമാനങ്ങളും കൈക്കൊണ്ടു. രാജ്യത്താദ്യമായി മുതിർന്ന പൗരന്മാർക്കായി പ്രത്യേക വയോജന ക്ഷേമ വകുപ്പ് രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ജപ്പാനിലെ മാതൃകയിലുള്ള വയോജന പരിചരണ സംവിധാനങ്ങൾ പഠനവിധേയമാക്കുമെന്നും സർക്കാർ അറിയിച്ചു.
അതേസമയം, ആശാ വർക്കർമാരുടെ വേതനം 3,000 രൂപ വർദ്ധിപ്പിക്കാനും മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ പ്രതിമാസ വേതനം 9,000 രൂപയിൽ നിന്ന് 12,000 രൂപയായി ഉയരും. ആരോഗ്യ മേഖലയിലെ അടിസ്ഥാന സേവനങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന ആശാ പ്രവർത്തകർക്കുള്ള അംഗീകാരമായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.