
കണ്ണൂർ: വിവാഹം നടക്കാനിരുന്ന ദിവസത്തിൽ തന്നെ വരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ നടുക്കി. ജമ്മു കശ്മീരിൽ എസ്.എസ്.ബി ബോർഡർ പോലീസ് ഉദ്യോഗസ്ഥനായ മുണ്ടേരി മാവിലാച്ചാൽ സ്വദേശി ഷബിൻ (28) ആണ് മരിച്ചത്. ഇന്ന് രാവിലെ വിവാഹച്ചടങ്ങുകൾ നടക്കാനിരിക്കെയാണ് ദാരുണ സംഭവം പുറത്തറിഞ്ഞത്.

ഞായറാഴ്ച രാത്രി ഷബിന്റെ വീട്ടിൽ വിവാഹവുമായി ബന്ധപ്പെട്ട വിരുന്നും സൽക്കാരവും നടന്നിരുന്നു. രാത്രി വൈകിയും ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നു. അർധരാത്രിയോടെ എല്ലാവരും മടങ്ങിയ ശേഷം ഷബിന് ഒരു ഫോൺ കോൾ വന്നതായാണ് ബന്ധുക്കൾ പറയുന്നത്. വധുവാണ് വിളിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഫോണിൽ സംസാരിച്ചുകൊണ്ട് മുറിയിലേക്ക് പോയ ഷബിൻ പിന്നീട് വാതിൽ അടച്ചുകയറിയതായും വീട്ടുകാർ അറിയിച്ചു.
ഇന്ന് പുലർച്ചെ 4.45-ഓടെ മക്രേരി ക്ഷേത്രത്തിൽ വെച്ചുള്ള വിവാഹ ഫോട്ടോഷൂട്ടിനായി വിളിക്കാൻ വീട്ടുകാർ എത്തിയപ്പോഴാണ് ഷബിനെ മുറിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പെരുതേരി ഭരതന്റെയും കൊല്ലൻചിറ അങ്കണവാടി വർക്കർ ഷീബയുടെയും മകനാണ് ഷബിൻ. കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിലെ നഴ്സായ അഭിഷയാണ് സഹോദരി.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.