
കൊല്ലം: ഇളമ്പള്ളൂർ റെയിൽവേ ലെവൽ ക്രോസ് ഗേറ്റിൽ വാഹനം ഇടിച്ച് ഗേറ്റ് തകർന്ന സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് (മേയ് 21) വൈകുന്നേരത്തോടെയായിരുന്നു അപകടം ഉണ്ടായത്.

വാഹനം ഗേറ്റിൽ ഇടിച്ചതിനെ തുടർന്ന് ബാരിയർ ഒടിഞ്ഞു വീഴുകയായിരുന്നു. സംഭവത്തിന് പിന്നാലെ റെയിൽവേ അധികൃതരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഗേറ്റിന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം താത്കാലികമായി നിയന്ത്രിച്ചിരിക്കുകയാണ്.
അഞ്ചാലുംമൂട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നിലവിൽ കച്ചേരിമുക്ക് വഴി തിരിച്ചുവിടുന്നതായി അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തിയാക്കി ഗതാഗതം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.