
കൊല്ലം: വാഹനങ്ങൾ നേരിൽ പരിശോധിക്കാതെയും ചട്ടങ്ങൾ ലംഘിച്ചും രജിസ്ട്രേഷൻ പുതുക്കി നൽകിയെന്ന ആരോപണത്തെ തുടർന്ന് കൊല്ലം ആർ.ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്. മഞ്ജുവിനെ ഗതാഗത കമ്മീഷണർ സസ്പെൻഡ് ചെയ്തു.

അന്വേഷണത്തിൽ 19 വാഹനങ്ങളുടെ രജിസ്ട്രേഷൻ പരിശോധന കൂടാതെയാണ് പുതുക്കി നൽകിയതെന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. മറ്റു ജില്ലകളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ കൊല്ലം ആർ.ടി ഓഫീസിൽ പരിശോധനയ്ക്ക് എത്തുന്ന സാഹചര്യത്തിൽ, ബന്ധപ്പെട്ട ആർ.ടി.ഒയുടെ പ്രത്യേക അനുമതി നിർബന്ധമാണെന്ന വ്യവസ്ഥയും മറികടന്നതായാണ് കണ്ടെത്തൽ.
ഏജന്റുമാർ മുഖേന എത്തിയ അപേക്ഷകളിൽ ആവശ്യമായ പരിശോധനകൾ നടത്താതെയാണ് രജിസ്ട്രേഷൻ പുതുക്കിയതെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ ഗതാഗത വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവം പുറത്തുവന്നതോടെ മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കാനാണ് തീരുമാനം.