You are currently viewing ഇന്ത്യ സന്ദർശനത്തിന് മാർക്കോ റൂബിയോ;   മിഷനറീസ് ഓഫ് ചാരിറ്റി ആസ്ഥാനം സന്ദർശിക്കും

ഇന്ത്യ സന്ദർശനത്തിന് മാർക്കോ റൂബിയോ; മിഷനറീസ് ഓഫ് ചാരിറ്റി ആസ്ഥാനം സന്ദർശിക്കും

അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോശനിയാഴ്ച നാലുദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി കൊൽക്കത്തയിൽ എത്തി. വാഷിങ്ടണും ന്യൂഡൽഹിയും തമ്മിലുള്ള തന്ത്രപ്രധാന ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് റൂബിയോയുടെ ആദ്യ ഇന്ത്യാ സന്ദർശനം.

ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ വിമാനത്താവളത്തിൽ റൂബിയോയെ സ്വീകരിച്ചു. കൊൽക്കത്തയിലെ സന്ദർശനത്തിനിടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ മദർ ഹൗസ്, കൂടാതെ കുട്ടികളുടെ ഭവനവും അദ്ദേഹം സന്ദർശിക്കും. മിഷണറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപകയായ മദർ തെരേസയുമായി ബന്ധപ്പെട്ട സ്ഥലവുമാണിത്.

തുടർന്ന് റൂബിയോ ന്യൂഡൽഹിയിലേക്ക് യാത്രതിരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കും. വ്യാപാരം, പ്രതിരോധ സഹകരണം, ഊർജ സുരക്ഷ, അത്യാധുനിക സാങ്കേതിക വിദ്യ, ഇൻഡോ-പസഫിക് തന്ത്രം തുടങ്ങിയ വിഷയങ്ങളാണ് ചർച്ചകളിലെ പ്രധാന അജണ്ട.

ഞായറാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി റൂബിയോ കൂടിക്കാഴ്ച നടത്തും. തുടർന്ന് ന്യൂഡൽഹിയിലെ അമേരിക്കൻ എംബസിയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളിലും പങ്കെടുക്കും.

തിങ്കളാഴ്ച ആഗ്രയും ജയ്പൂരും സന്ദർശിച്ച ശേഷം ചൊവ്വാഴ്ച നടക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനായി വീണ്ടും ന്യൂഡൽഹിയിലേക്ക് മടങ്ങും.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ക്വാഡ്(QUAD) യോഗത്തിൽ ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്ങും,ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗിയും പങ്കെടുക്കും. സ്വതന്ത്രമായ ഇൻഡോ-പസഫിക് മേഖലയെന്ന ക്വാഡിന്റെ ദർശനവുമായി ബന്ധപ്പെട്ട പുരോഗതികളും പ്രാദേശിക-ആഗോള വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യും.

ഇന്ത്യയിലേക്ക് തിരിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിച്ച റൂബിയോ, ഇന്ത്യയെ “മികച്ച സഖ്യകക്ഷിയും പങ്കാളിയും” എന്ന് വിശേഷിപ്പിച്ചു. ഇരു രാജ്യങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാൻ നിരവധി മേഖലകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply