You are currently viewing ചൈനയിലെ കൽക്കരി ഖനിയിൽ വൻ ദുരന്തം; 82 തൊഴിലാളികൾ മരിച്ചു

ചൈനയിലെ കൽക്കരി ഖനിയിൽ വൻ ദുരന്തം; 82 തൊഴിലാളികൾ മരിച്ചു

ബെയ്ജിംഗ്: ചൈനയിലെ ഷാൻസി പ്രവിശ്യയിലെ കിൻയുവാൻ കൗണ്ടിയിലെ ലിയുഷെൻയു കൽക്കരി ഖനിയിൽ ഉണ്ടായ വാതക സ്ഫോടനത്തിൽ കുറഞ്ഞത് 82 തൊഴിലാളികൾ മരിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് ദുരന്തമുണ്ടായത്. ഭൂഗർഭത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന 247 തൊഴിലാളികളിൽ 128 പേർക്ക് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി പേരെ കാണാതായതായി അധികൃതർ അറിയിച്ചു.

സ്ഫോടനത്തെ തുടർന്ന് രക്ഷാപ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. ഖനിയുടെ പ്രവർത്തന ചുമതലയുള്ള ഉദ്യോഗസ്ഥരെയും കമ്പനി ഭാരവാഹികളെയും ചൈനീസ് അധികൃതർ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ പ്രസിഡന്റ് ഷി ജിൻപിംഗ് നിർദേശം നൽകി. രാജ്യത്തുടനീളം ഖനി സുരക്ഷാ പരിശോധനകൾ ശക്തമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ 17 വർഷത്തിനിടയിലെ ചൈനയിലെ ഏറ്റവും വലിയ കൽക്കരി ഖനി ദുരന്തമാണിതെന്നാണ് റിപ്പോർട്ടുകൾ. 2024-ൽ തന്നെ ഈ ഖനിയിൽ ഉയർന്ന തോതിലുള്ള വാതക സാന്നിധ്യമുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാതിരുന്നതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ചൈനയിലെ ഖനന മേഖലയിലെ സുരക്ഷാ വീഴ്ചകൾ വീണ്ടും ചർച്ചയാകുന്നതിനിടെയാണ് ഈ വൻ ദുരന്തം ഉണ്ടായിരിക്കുന്നത്.

Leave a Reply