
ന്യൂഡൽഹി: രാജസ്ഥാനിലെ ഡാണ്ടേവാല ഫീൽഡിൽ പുതിയ ഗ്യാസ് സാന്നിധ്യമുള്ള മേഖലം വിജയകരമായി കണ്ടെത്തിയതായി കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രി ഹർവീപ് സിംഗ് പൂരി അറിയിച്ചു. പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ് ആണ് ഈ നേട്ടം കൈവരിച്ചത്.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഡാണ്ടേവാല ഫീൽഡിലെ ആഴം കുറഞ്ഞ സാനു രൂപീകരണത്തിൽ നിന്ന് ആദ്യമായി പ്രകൃതി വാതക പ്രവാഹം ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഏകദേശം 25,000 സ്റ്റാൻഡേർഡ് ക്യൂബിക് മീറ്റർ പ്രതിദിന ഉൽപാദന ശേഷിയുള്ള ഗ്യാസ് പ്രവാഹമാണ് കണ്ടെത്തിയിരിക്കുന്നത്.
ഈ കണ്ടെത്തൽ രാജ്യത്തിന്റെ ആഭ്യന്തര ഊർജ ഉൽപാദനം ശക്തിപ്പെടുത്തുന്നതിൽ നിർണായക മുന്നേറ്റമാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഊർജ സ്വയംപര്യാപ്തതയിലേക്കുള്ള യാത്രയ്ക്ക് ഇത് പുതിയ ഉണർവും വേഗവും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.