You are currently viewing സിവിൽ പോലീസ് ഓഫീസറുടെ ബുള്ളറ്റ് കത്തിച്ച കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ

സിവിൽ പോലീസ് ഓഫീസറുടെ ബുള്ളറ്റ് കത്തിച്ച കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊല്ലം: അഞ്ചലിൽ സിവിൽ പോലീസ് ഓഫീസറുടെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് ബൈക്ക് തീയിട്ട് നശിപ്പിച്ച കേസിൽ രണ്ട് യുവതികളെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ വിവേകിന്റെ ബൈക്കാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി അഗ്നിക്കിരയായത്.

കേസിൽ കൊല്ലം ശൂരനാട് സ്വദേശിനി ആരതി രാജ് (26), സുഹൃത്തായ ഇടുക്കി കൽത്തൊട്ടി സ്വദേശിനി ഗായത്രി മോഹനൻ (26) എന്നിവരെയാണ് പോലീസ് പിടികൂടിയത്. തിരുവനന്തപുരത്തെ സ്വകാര്യ എൻട്രൻസ് കോച്ചിങ് സെന്ററിൽ പഠിച്ചുവരികയായിരുന്ന ഇവരെ അവിടുത്തെ ഒരു ലോഡ്ജിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

സംഭവത്തിന് ശേഷം രക്ഷപ്പെട്ട ഓട്ടോറിക്ഷ കണ്ടെത്തിയതും, ഡ്രൈവർക്ക് ഗൂഗിൾ പേ വഴി നൽകിയ പണമിടപാടിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവുമാണ് പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത്. ഡിജിറ്റൽ തെളിവുകളാണ് കേസിൽ നിർണായകമായത്.

വിവേകും മുഖ്യപ്രതിയായ ആരതി രാജും തമ്മിൽ നേരത്തെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നതായി പോലീസ് പറഞ്ഞു. പിന്നീട് വിവേക് വിവാഹത്തിൽ നിന്ന് പിന്മാറിയതിലുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

അതേസമയം കേസ് രാഷ്ട്രീയ വൈരാഗ്യത്തിലേക്ക് തിരിച്ചു വിടാനുള്ള ശ്രമവും പ്രതികൾ നടത്തിയതായി പോലീസ് കണ്ടെത്തി. ഒരു വിദ്യാർത്ഥി സംഘടനയുടെ പേരിൽ മൂന്ന് പേജുള്ള ഭീഷണിക്കത്ത് സംഭവസ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. മൂന്ന് വർഷം മുൻപ് പുനലൂർ കോളേജിൽ നടന്ന ലാത്തിച്ചാർജിന് പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന തരത്തിലാണ് കത്ത് തയ്യാറാക്കിയിരുന്നത്.

ബൈക്ക് കത്തിച്ചതിന് പുറമേ വീടിന്റെ സിറ്റൗട്ടിലും നടവഴിയിലും കരിഓയിൽ ഒഴിച്ചിരുന്നതായും പോലീസ് പറഞ്ഞു. തീപിടിത്തം കണ്ട് പുറത്തേക്ക് ഓടിയെത്തിയ വിവേകിനും മാതാപിതാക്കൾക്കും കരിഓയിലിൽ തെന്നിവീണ് പരിക്കേറ്റു.

പ്രതികളെ കസ്റ്റഡിയിലെടുത്ത് പുനലൂർ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി മടങ്ങുന്നതിനിടെ മുഖ്യപ്രതിയായ ആരതി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പോലീസ് അറിയിച്ചു. ഉടൻ തന്നെ യുവതിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply