
ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം മുഖ്യമന്ത്രി വിഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആദ്യ കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു നിർണായക കൂടിക്കാഴ്ച നടന്നത്. അരമണിക്കൂറിലധികം നീണ്ടുനിന്ന ചർച്ച സൗഹൃദപരവും ഊഷ്മളവുമായിരുന്നു.

കേരളത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള കേന്ദ്രസഹായം, കേന്ദ്ര വിഹിതം വർധിപ്പിക്കൽ, അതിവേഗ റെയിൽ പാത പദ്ധതി, കേരളത്തിൽ എയിംസ് സ്ഥാപിക്കൽ, ജിഎസ്ടി കുടിശ്ശികയും അനുബന്ധ സാമ്പത്തിക വിഷയങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പ്രധാനമായും ചർച്ചയായത്.
കേരളത്തിന്റെ വികസന ആവശ്യങ്ങളോട് പ്രധാനമന്ത്രി അനുകൂല സമീപനമാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ വികസന പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ എല്ലാവിധ സഹകരണവും ഉറപ്പുനൽകിയതായും റിപ്പോർട്ടുണ്ട്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. കൂടാതെ, മേയ് 27-ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചർച്ച നിശ്ചയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കേരളത്തിന്റെ സാമ്പത്തികവും അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്രത്തിന്റെ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം നടക്കുന്നത്.