
ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞെന്ന ഞെട്ടിക്കുന്ന സംഭവം നാട്ടുകാരെ നടുക്കി. തിങ്കളാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. എന്നാൽ അത്ഭുതകരമായി കുഞ്ഞ് ഗുരുതര പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.

അവിവാഹിതയായ ഇരുപതുകാരി ശക്തമായ വയറുവേദനയെ തുടർന്ന് തിങ്കളാഴ്ച രാത്രി പിതാവിനും സഹോദരങ്ങൾക്കുമൊപ്പമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആർത്തവസംബന്ധമായ വയറുവേദനയും നടുവേദനയുമാണെന്നാണ് യുവതിയും ബന്ധുക്കളും ഡോക്ടർമാരോട് അറിയിച്ചത്. യുവതി പൂർണ ഗർഭിണിയാണെന്ന കാര്യം വീട്ടുകാർക്കും അറിയില്ലായിരുന്നുവെന്നാണ് വിവരം.
ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ രാത്രി പന്ത്രണ്ടുമണിയോടെ യുവതി ശുചിമുറിയിലേക്ക് പ്രവേശിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരും ഡോക്ടർമാരും പരിശോധന നടത്തി. ശുചിമുറിക്കുള്ളിൽ രക്തക്കറ കണ്ടെത്തിയതോടെയാണ് സംശയം ശക്തമായത്. അതേസമയം ആശുപത്രി കെട്ടിടത്തിന് പുറകിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടതിനെ തുടർന്ന് ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി.
ശുചിമുറിയിലെ വെന്റിലേറ്റർ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ നിലയിലാണ് നവജാത പെൺകുഞ്ഞിനെ കണ്ടെത്തിയത്. കല്ലുകളും ഇരുമ്പ് കമ്പികളും നിറഞ്ഞ സ്ഥലത്തേക്ക് വീണിട്ടും കുഞ്ഞിന് കാര്യമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. കുഞ്ഞിനെ ഉടൻ ആശുപത്രി ജീവനക്കാർ രക്ഷപ്പെടുത്തി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. തിഷ്യ, നഴ്‌സിങ് ഓഫീസർ നിഷ എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാർ നടത്തിയ അതിവേഗ ഇടപെടലാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സഹായകമായത്. ആശുപത്രി അറ്റൻഡർ അനിലും രക്ഷാപ്രവർത്തനത്തിൽ നിർണായക പങ്കുവഹിച്ചു. തെരുവുനായ ശല്യമുള്ള ആശുപത്രി പരിസരത്ത് നിന്ന് കുഞ്ഞിനെ സമയബന്ധിതമായി കണ്ടെത്താനായില്ലെങ്കിൽ വലിയ ദുരന്തം സംഭവിക്കുമായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്.
മൂന്ന് കിലോ ഇരുനൂറ് ഗ്രാം തൂക്കമുള്ള ആരോഗ്യവതിയായ കുഞ്ഞിനെ പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ നവജാത ശിശു അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
സംഭവത്തെ തുടർന്ന് ആശുപത്രി അധികൃതർ ഹരിപ്പാട് പൊലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും വിവരം അറിയിച്ചു. യുവതിക്കെതിരെ കൊലപാതകശ്രമത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവം സമൂഹമനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം, കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സമയോചിതമായി ഇടപെട്ട ആശുപത്രി ജീവനക്കാരെ നാട്ടുകാരും അധികൃതരും അഭിനന്ദിച്ചു.