
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന സഹകരണത്തിന് കൂടുതൽ കരുത്തേകുന്ന നിർണായക ധാതു സഹകരണ ചട്ടക്കൂട് (Critical Minerals Framework) കരാറിൽ ഒപ്പുവെച്ചു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ-യും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചേർന്നാണ് 2026 മേയ് 26-ന് ന്യൂഡൽഹിയിൽ കരാർ പ്രഖ്യാപിച്ചത്.
ഖനനം, സംസ്കരണം, പുനരുപയോഗം എന്നിവ ഉൾപ്പെടുന്ന നിർണായക ധാതുക്കളുടെയും അപൂർവ ഭൂലോഹങ്ങളുടെയും സുരക്ഷിത വിതരണ ശൃംഖല ഉറപ്പാക്കുകയാണ് കരാറിന്റെ പ്രധാന ലക്ഷ്യം. ആധുനിക സാങ്കേതികവിദ്യ, ശുദ്ധ ഊർജ്ജ വികസനം, പ്രതിരോധ മേഖല എന്നിവയ്ക്കാവശ്യമായ ധാതുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിന് ഈ ധാരണ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
ഒറ്റ ഉറവിടങ്ങളിലുള്ള അമിത ആശ്രയത്വം ഒഴിവാക്കി കൂടുതൽ വിതരണ ശൃംഖല സൃഷ്ടിക്കണമെന്ന ഇന്ത്യയുടെയും അമേരിക്കയുടെയും ദീർഘകാല തന്ത്രപരമായ ലക്ഷ്യങ്ങളോടും ഈ കരാർ യോജിച്ചുനിൽക്കുന്നു.

ആഗോളതലത്തിൽ നിർണായക ധാതുക്കൾക്കായുള്ള മത്സരവും ജിയോപൊളിറ്റിക്കൽ സമ്മർദ്ദങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കുന്നത്.
ഇന്ത്യ-അമേരിക്ക ബന്ധത്തിൽ സാമ്പത്തിക, സാങ്കേതിക, പ്രതിരോധ മേഖലകളിലെ സഹകരണം കൂടുതൽ വിപുലപ്പെടുത്തുന്ന പുതിയ ചുവടുവെയ്പ്പായാണ് ഈ കരാറിനെ വിദഗ്ധർ വിലയിരുത്തുന്നത്.