
കേരളത്തിലെ ഭാരതീയ ജനതാ പാർട്ടി നിയമസഭാ കക്ഷി നേതാവായി ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാറിനെ തിരഞ്ഞെടുത്തു. സംസ്ഥാന ബിജെപിയിലെ നേതൃത്വ തർക്കങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് കേന്ദ്ര നേതൃത്വം ഈ നിർണായക തീരുമാനം കൈകൊണ്ടത്.

സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖറും മുതിർന്ന നേതാവായ വി മുരളീധരനും തമ്മിൽ നിയമസഭാ കക്ഷി നേതൃസ്ഥാനത്തെച്ചൊല്ലി നീണ്ടുനിന്ന അഭിപ്രായ ഭിന്നതകൾക്കൊടുവിലാണ് ബി.ബി. ഗോപകുമാറിനെ നേതാവായി തിരഞ്ഞെടുത്തത്. കോർ കമ്മിറ്റി യോഗങ്ങളിൽ വി. മുരളീധരനെ നേതാവാക്കണമെന്ന ആവശ്യം ഉയർന്നിരുന്നുവെങ്കിലും, രാജീവ് ചന്ദ്രശേഖർ തന്നെ നേതൃസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന നിലപാടിൽ ഉറച്ചുനിന്നതായാണ് സൂചന.
ഇതോടെ ഇരുവിഭാഗങ്ങൾക്കും സ്വീകാര്യനായ മൂന്നാമത്തെ നേതാവെന്ന നിലയിൽ ബി.ബി. ഗോപകുമാറിലേക്കാണ് കേന്ദ്ര നേതൃത്വം എത്തിയത്. പാർട്ടിക്കുള്ളിലെ അധികാര തർക്കം പരിഹരിക്കാനുള്ള സമവായ നീക്കമായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.
നിയമസഭാ കക്ഷി നേതൃചുമതലയേറ്റ ബി.ബി. ഗോപകുമാറിന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഫേസ്‌ബുക്ക് കുറിപ്പിലൂടെ അഭിനന്ദനങ്ങളും ആശംസകളും നേർന്നു. പുതിയ നേതൃത്വത്തിൽ സംസ്ഥാനത്ത് ബിജെപിയുടെ സംഘടനാപ്രവർത്തനങ്ങളും നിയമസഭാ പ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുമെന്ന പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം.