You are currently viewing ഇഡി വാഹനത്തിന് നേരെ ആക്രമണം; പിണറായി വിജയന്റെ വസതിക്ക് മുന്നിൽ സംഘർഷം

ഇഡി വാഹനത്തിന് നേരെ ആക്രമണം; പിണറായി വിജയന്റെ വസതിക്ക് മുന്നിൽ സംഘർഷം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻറെ തിരുവനന്തപുരത്തെ വാടകവീട്ടിന് മുന്നിൽ വൻ സംഘർഷം. പരിശോധന പൂർത്തിയാക്കി മടങ്ങാൻ ഒരുങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ച് തകർത്തു.

എക്‌സാലോജിക്-സിഎംആർഎൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി സംഘം ബേക്കറി ജംഗ്ഷനിലെ പിണറായി വിജയന്റെ വാടകവീട്ടിലും കണ്ണൂരിലെ വീടടക്കമുള്ള വിവിധ കേന്ദ്രങ്ങളിലും ഒരേസമയം റെയ്ഡ് നടത്തിയത്. മണിക്കൂറുകളോളം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങാൻ ശ്രമിച്ചത്.

ഇതിനിടെയാണ് വീടിന് പുറത്ത് തടിച്ചുകൂടിയ സിപിഐഎം, ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധം അക്രമാസക്തമാകുകയും ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ തടയുകയും ചെയ്തു. തുടർന്ന് വടികളും ഇഷ്ടികകളും ഉപയോഗിച്ച് വാഹനങ്ങളുടെ ചില്ലുകൾ അടിച്ചുതകർത്തതായാണ് റിപ്പോർട്ട്. വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ യാത്ര ചെയ്ത വാഹനങ്ങൾക്കും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു.

സ്ഥലത്ത് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പോലീസും കേന്ദ്രസുരക്ഷാസേനയും ചേർന്ന് പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ഏറെ നേരം സംഘർഷാവസ്ഥ തുടർന്നു. സംഘർഷത്തിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായും വിവരം ലഭിച്ചിട്ടുണ്ട്.

അതേസമയം, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതികാരനടപടികളാണ് നടത്തുന്നതെന്നാരോപിച്ച് സിപിഐഎം സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇഡി റെയ്ഡിനെതിരെ വിവിധ ജില്ലകളിൽ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.

Leave a Reply