You are currently viewing ഗ്രാമപ്രദേശങ്ങളിലേക്ക് കൂടുതൽ കെഎസ്ആർടിസി സർവീസുകൾ; “ഗ്രാമ വണ്ടി” വ്യാപിപ്പിക്കും

ഗ്രാമപ്രദേശങ്ങളിലേക്ക് കൂടുതൽ കെഎസ്ആർടിസി സർവീസുകൾ; “ഗ്രാമ വണ്ടി” വ്യാപിപ്പിക്കും

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും ആധുനികവുമാക്കുന്നതിനായി ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോൺ അധ്യക്ഷനായ അവലോകന യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. കെഎസ്ആർടിസി സി.എം.ഡിയുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു യോഗം ചേർന്നത്.

കെഎസ്ആർടിസിയിലെ ആശ്രിത നിയമനവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കൾ സമർപ്പിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ നിയമന നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി. കൂടാതെ, കെഎസ്ആർടിസിയിലെ ഒഴിവുകളിലേക്ക് പി.എസ്.സി മുഖേന നിയമന നടപടികൾ ആരംഭിക്കുന്നതിനും തീരുമാനമായി.

പൊതുഗതാഗത സേവനങ്ങളുടെ വ്യാപനത്തിനും ഭരണ-സാമ്പത്തിക കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി നിരവധി പദ്ധതികൾക്കും യോഗം അംഗീകാരം നൽകി. ഗ്രാമപ്രദേശങ്ങളിലെ യാത്രാസൗകര്യം ശക്തിപ്പെടുത്തുന്നതിനായി “ഗ്രാമ വണ്ടി” പദ്ധതി കൂടുതൽ വ്യാപകമാക്കും. കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതിയും ദൈനംദിന പ്രവർത്തനങ്ങളും നവീകരണ സാധ്യതകളും പഠിക്കുന്നതിനായി വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക റിസർച്ച് വിംഗ് ആരംഭിക്കാനും തീരുമാനിച്ചു.

ശബരിമല മണ്ഡലകാല സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും യോഗത്തിൽ അറിയിച്ചു. അതോടൊപ്പം, ഹൈഡ്രജൻ ഉൾപ്പെടെയുള്ള ഹരിത ഇന്ധന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനം ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.

ജനകീയവും സ്മാർട്ടുമായ പൊതുഗതാഗത സംവിധാനമായി കെഎസ്ആർടിസിയെ മാറ്റിയെടുക്കുന്നതിനുള്ള സമഗ്ര നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കി.

Leave a Reply