You are currently viewing 20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അബ്ദുൽ റഹീം ജന്മനാട്ടിലെത്തി

20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അബ്ദുൽ റഹീം ജന്മനാട്ടിലെത്തി

കോഴിക്കോട്: ലോകമെമ്പാടുമുള്ള മലയാളികളുടെ കാരുണ്യവും കൂട്ടായ്മയും വധശിക്ഷയിൽ നിന്ന് ജീവൻ തിരിച്ചുപിടിച്ച കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനെ ഒടുവിൽ ജന്മനാട്ടിലെത്തിച്ചു. ഇരുപത് വർഷത്തോളം നീണ്ട ജയിൽവാസത്തിനും നിയമപോരാട്ടങ്ങൾക്കും ശേഷം വ്യാഴാഴ്ച രാവിലെ 7.35ഓടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ റഹീമിനെ കണ്ണീരോടെയും ആവേശത്തോടെയും നാട് വരവേറ്റു.

റഹീമിനെ സ്വീകരിക്കാൻ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, റഹീം സഹായ സമിതി ട്രസ്റ്റ് ഭാരവാഹികൾ, നാട്ടുകാർ തുടങ്ങി വൻ ജനാവലിയാണ് വിമാനത്താവളത്തിലെത്തിയത്. വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട ഈ മടങ്ങിവരവ് വികാരനിർഭരമായ നിമിഷങ്ങൾക്കാണ് സാക്ഷിയായത്.

റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും കുടുംബവും യാത്രയിൽ അദ്ദേഹത്തെ അനുഗമിച്ചു. ബുധനാഴ്ച രാത്രിയോടെ റിയാദിലെ ഇസ്കാൻ ജയിലിൽ നിന്ന് നിയമനടപടികൾ പൂർത്തിയാക്കി മോചിതനായ റഹീം, ഐ.എക്‌സ് 322 വിമാനത്തിലാണ് നാട്ടിലേക്ക് തിരിച്ചത്. മെയ് 26-നാണ് അദ്ദേഹത്തിന്റെ മോചന ഉത്തരവും എക്സിറ്റ് വിസയും ലഭ്യമായത്.

2006 നവംബറിൽ റിയാദിൽ ഹൗസ് ഡ്രൈവറായി എത്തിയ റഹീമിന്റെ ജീവിതം അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയാണ് വധശിക്ഷയിലേക്ക് നീങ്ങിയത്. സ്പോൺസറുടെ ശാരീരിക ബുദ്ധിമുട്ടുകളുള്ള മകനെ പരിചരിക്കുന്നതിനിടെ ഉണ്ടായ അബദ്ധമാണ് കേസിന് വഴിവെച്ചത്. വാഹനത്തിനുള്ളിൽ കുട്ടി അക്രമാസക്തനായപ്പോൾ തടയാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ കഴുത്തിലെ മെഡിക്കൽ ഉപകരണം തകരാറിലാവുകയും തുടർന്ന് കുട്ടി ശ്വാസതടസ്സം മൂലം മരിക്കുകയുമായിരുന്നു. പിന്നാലെ സൗദി കോടതി റഹീമിന് വധശിക്ഷ വിധിച്ചു.

കേസിൽ നിന്ന് മോചനം നേടാനുള്ള ഏക മാർഗമായി 15 മില്യൺ സൗദി റിയാൽ, അതായത് 34 കോടിയിലേറെ രൂപ ദിയാധനമായി നൽകണമെന്നായിരുന്നു വ്യവസ്ഥ. അസാധ്യമെന്ന് കരുതിയ ഈ തുക സമാഹരിച്ചത് ലോകമെമ്പാടുമുള്ള മലയാളികളുടെ അപൂർവ ഐക്യവും സ്നേഹവുമായിരുന്നു. ചെറിയ സംഭാവനകളായി ആരംഭിച്ച ഫണ്ട് ശേഖരണം പിന്നീട് ആഗോള മലയാളി സമൂഹത്തിന്റെ വലിയ ജനകീയ പ്രചാരണമായി മാറി.

ഒരു പെരുന്നാൾ കാലത്ത് ആരംഭിച്ച സഹായ സമാഹരണം മറ്റൊരു പെരുന്നാൾ ദിനത്തിൽ ലക്ഷ്യത്തിലെത്തിയതും, അതേ ആഘോഷകാലത്തുതന്നെ റഹീമിന്റെ മോചനവും മടക്കയാത്രയും സാധ്യമായതും നിരവധി പേർ ചരിത്ര നിയോഗമായാണ് വിശേഷിപ്പിക്കുന്നത്.

വധശിക്ഷയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ അബ്ദുൽ റഹീമിന്റെ മടങ്ങിവരവ് കേരളത്തിന്റെ മാനവിക മുഖം ലോകത്തിന് മുന്നിൽ വീണ്ടും ഉയർത്തിക്കാട്ടുന്നതായാണ് പൊതുവായ വിലയിരുത്തൽ.

Leave a Reply