You are currently viewing വെമ്പായത്തെ അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് പൊട്ടിവീണ് അഞ്ച് പേർക്ക് പരിക്ക്

വെമ്പായത്തെ അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് പൊട്ടിവീണ് അഞ്ച് പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്തുള്ള ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് പൊട്ടിവീണ് കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച (മെയ് 28, 2026) വൈകിട്ടോടെയായിരുന്നു അപകടം.

പാർക്കിലെ ‘ചലഞ്ചർ’ എന്നറിയപ്പെടുന്ന ജയന്റ് വീൽ റൈഡിന്റെ വെൽഡിങ് ഭാഗം പൊട്ടി താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് മുപ്പതോളം ആളുകൾ റൈഡിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തെ തുടർന്ന് പാർക്കിൽ പരിഭ്രാന്തി പടർന്നു.

തമിഴ്‌നാട്ടിലെ നാഗർകോവിൽ സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ച് പേർക്കാണ് പരിക്കേറ്റത്. മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയേൽ (14), റോസ് (16) എന്നിവരാണ് പരിക്കേറ്റവർ.

പരിക്കേറ്റവരെ ഉടൻ തന്നെ വെഞ്ഞാറമൂട് സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

അതേസമയം, കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് റൈഡ് പ്രവർത്തിപ്പിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. റൈഡിന്റെ സാങ്കേതിക തകരാറും സുരക്ഷാ വീഴ്ചകളും ഉൾപ്പെടെ പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply