
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അവതരിപ്പിച്ച യു.ഡി.എഫ് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ സാമ്പത്തിക പരിഷ്കാരങ്ങൾ മുതൽ സ്ത്രീക്ഷേമം, ആരോഗ്യം, ഗതാഗതം തുടങ്ങിയ മേഖലകളിലേക്കുള്ള നിരവധി സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടായി. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിന് മുൻഗണന നൽകുന്ന സമീപനമാണ് പ്രസംഗത്തിൽ വ്യക്തമാക്കിയത്.

സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതിയും കടബാധ്യതകളും ജനങ്ങളിലേക്ക് തുറന്നുവെക്കുന്നതിനായി ധനകാര്യ ധവളപത്രം പുറത്തിറക്കുമെന്ന് സർക്കാർ അറിയിച്ചു. ഭരണ സംവിധാനത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാൻ അഴിമതിയും ഫയൽ വൈകിക്കലും ഒഴിവാക്കുന്നതിനായി അത്യാധുനിക സാങ്കേതിക വിദ്യകൾ വ്യാപകമായി ഉപയോഗിക്കുമെന്നും പ്രഖ്യാപിച്ചു. ഐടി വകുപ്പിന്റെ പേര് ‘ഫ്യൂച്ചർ ടെക്നോളജി ഡിപ്പാർട്ട്മെന്റ്’ എന്നാക്കി മാറ്റുമെന്നും ഗവർണർ അറിയിച്ചു.
സ്ത്രീക്ഷേമ മേഖലയിൽ വലിയ പ്രഖ്യാപനങ്ങളാണ് ഉണ്ടായത്. കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ജൂൺ 15 മുതൽ സ്ഥിരമായി നടപ്പിലാക്കുമെന്ന് അറിയിച്ചു. സ്കൂൾ വിദ്യാർത്ഥിനികൾക്ക് വർഷത്തിൽ മൂന്ന് ദിവസം വരെ ആർത്തവാവധി അനുവദിക്കുമെന്നും നഷ്ടപ്പെടുന്ന ക്ലാസുകൾക്ക് പ്രത്യേക ക്ലാസുകൾ ഒരുക്കുമെന്നും പ്രസംഗത്തിൽ വ്യക്തമാക്കി. സർക്കാർ-സ്വകാര്യ മേഖലകളിൽ ആറുമാസത്തെ പ്രസവാവധി നിർബന്ധമാക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കും.
വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ആരോഗ്യ രംഗത്ത് തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ നടപ്പിലാക്കുമെന്നും 25 ലക്ഷം രൂപ വരെ പരിരക്ഷ ലഭ്യമാക്കുമെന്നും അറിയിച്ചു.
യു.ഡി.എഫ് മുന്നോട്ടുവെച്ച അഞ്ച് പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഉൾപ്പെടുത്തിയ ‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതികൾക്കും തുടക്കം കുറിക്കുമെന്ന് നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. പാവപ്പെട്ടവർക്കും പിന്നാക്ക വിഭാഗങ്ങൾക്കുമുള്ള ക്ഷേമപെൻഷനുകളും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി വിതരണം ചെയ്യുമെന്നും സർക്കാർ ഉറപ്പുനൽകി.
ഗതാഗത മേഖലയിലെ സമഗ്ര പരിഷ്കാരത്തിന്റെ ഭാഗമായി സംയോജിത ട്രാൻസ്പോർട്ട് സിസ്റ്റം നടപ്പിലാക്കുമെന്നും നിലവിലെ മദ്യനയത്തിലും എക്സൈസ് അബ്കാരി ചട്ടങ്ങളിലും ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ അറിയിച്ചു.