You are currently viewing കരമനയാറ്റിൽ കുളിക്കാനിറങ്ങിയ സൈനികൻ ഒഴുക്കിൽപ്പെട്ടു കാണാതായി

കരമനയാറ്റിൽ കുളിക്കാനിറങ്ങിയ സൈനികൻ ഒഴുക്കിൽപ്പെട്ടു കാണാതായി

തിരുവനന്തപുരം പേയാട് കാവടിക്കടവിൽ കരമനയാറ്റിൽ കുളിക്കാനിറങ്ങിയ സൈനികൻ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായി. കോഴിക്കോട് സ്വദേശിയും പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സൈനികനുമായ സുജിത്താണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

സുജിത്ത് ഉൾപ്പെടെ നാല് സൈനികരാണ് കാവടിക്കടവിൽ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ ശക്തമായ അടിയൊഴുക്കിൽപ്പെട്ട ഇവർ സഹായത്തിനായി നിലവിളിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസിയായ രതീഷും സുഹൃത്തുക്കളും ചേർന്ന് ബ്രിട്ടോ, അഭിജിത്ത്, ശ്രീയേഷ് എന്നീ മൂന്ന് സൈനികരെ രക്ഷപ്പെടുത്തി. എന്നാൽ സുജിത്തിനെ ഒഴുക്ക് കൊണ്ടുപോയതായി ദൃക്സാക്ഷികൾ പറഞ്ഞു.

വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ്, സ്കൂബ ഡൈവിംഗ് സംഘം, വിളപ്പിൽശാല പൊലീസ് എന്നിവർ ചേർന്ന് കരമനയാറ്റിൽ വ്യാപക തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് പുഴയിൽ ജലനിരപ്പ് ഉയർന്നതും ശക്തമായ അടിയൊഴുക്കുള്ളതും രക്ഷാപ്രവർത്തനത്തെ ദുഷ്‌കരമാക്കുന്നുവെന്ന് അധികൃതർ അറിയിച്ചു.

പേയാട് കാവടിക്കടവ് മുൻപും നിരവധി അപകടങ്ങൾ നടന്നിട്ടുള്ള മേഖലയാണ്. ഇവിടെ ഇതിനുമുമ്പ് പതിനഞ്ചോളം പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. അപകടഭീഷണി നിലനിൽക്കുന്ന മേഖലയിൽ മതിയായ സുരക്ഷാ മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും ശക്തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Leave a Reply