
തിരുവനന്തപുരം: വീണ വിജയനുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡിൽ സംസ്ഥാന സർക്കാരിനോ പൊലീസിനോ യാതൊരു പങ്കുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കേന്ദ്ര ഏജൻസിയുടെ സ്വതന്ത്ര നടപടിയായാണ് റെയ്ഡ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങൾ ആവശ്യപ്പെടുമ്പോഴല്ല, ഒരു വിഷയത്തിൽ എപ്പോൾ പ്രതികരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയങ്ങൾ കൃത്യമായി പഠിച്ച ശേഷമേ പ്രതികരിക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ.ഡി റെയ്ഡിനെക്കുറിച്ച് സംസ്ഥാന സർക്കാരിനെയോ പൊലീസിനെയോ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. റെയ്ഡ് നടക്കുന്ന സ്ഥലത്ത് ആളുകൾ കൂടിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പൊലീസിനെ നിയോഗിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
നാല് വർഷം മുൻപ് ഉയർന്നുവന്ന കേസാണിതെന്നും യു.ഡി.എഫ് തന്നെ ഈ ആരോപണം ഉന്നയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ മുൻ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ നിന്ന് ഒഴിയുന്നത് വരെ കേന്ദ്ര ഏജൻസികൾ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, സർക്കാർ നയപ്രഖ്യാപനത്തിലെ പ്രധാന വികസന പദ്ധതികളും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. കേരളത്തെ ഏഷ്യയിലെ ഏറ്റവും വലിയ ഏവിയേഷൻ ഹബ്ബാക്കി മാറ്റുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും നിക്ഷേപങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകുമെന്നും വ്യക്തമാക്കി.
സംസ്ഥാനത്തെ 10,000 ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് (എം.എസ്.എം.ഇ) ധനസഹായവും സാങ്കേതിക പിന്തുണയും നൽകുന്ന പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ പൂർണ്ണമായും ആധുനീകരിക്കുമെന്നും ആഗോള നിലവാരത്തിലുള്ള അറിവുകളും പഠനരീതികളും കേരളത്തിലെ സർവകലാശാലകളിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ജൂൺ 15 മുതൽ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പദ്ധതിയുടെ ഗുണഭോക്താക്കൾ ആരൊക്കെയാണെന്ന കാര്യത്തിൽ ഉടൻ വ്യക്തത വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ ഒരു സംയോജിത തുറമുഖ കേന്ദ്രമായി (ഇന്റഗ്രേറ്റഡ് പോർട്ട് ഹബ്) വികസിപ്പിക്കുമെന്നും സഹകരണ മേഖലയിലെ പരിഷ്കാരങ്ങൾക്ക് ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്നും സർക്കാർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയതായി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.