
അത്തോളി: ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരി മരിച്ചു. അത്താണി കരിമ്പയിൽ ഇലാഹിയ സ്കൂളിന് സമീപം മീത്തലെ ചാലക്കൽ സുബിൻ പ്രേം – അഭിരാമി ദമ്പതികളുടെ ഇളയ മകൾ അലംകൃത (അല്ലി) (3) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്. ഡൈനിംഗ് ടേബിളിൽ ഒറ്റയ്ക്ക് കയറുന്ന പതിവുണ്ടായിരുന്ന കുട്ടി ടേബിളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാർ കുട്ടിയെ നിലത്ത് ബോധരഹിതയായി കിടക്കുന്നത് കണ്ടു.
ഉടൻ സമീപത്തെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ തുടരുന്നതിനിടെ വ്യാഴാഴ്ച പുലർച്ചെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മരിച്ച അലംകൃതയ്ക്ക് ആരുഷ് എന്ന സഹോദരനുണ്ട്.