
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ മിഷൻ സമുദ്ര പദ്ധതിയുടെ ഭാഗമായി ടൂറിസ്റ്റ് ക്രൂയിസ് വെസലുകൾക്കുള്ള ജെട്ടി സ്ഥാപിക്കാൻ കോഴിക്കോട് ജില്ലയിൽ ഏറ്റവും അനുയോജ്യമായ സ്ഥലം കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ കൊളാവിപ്പാലമാണെന്ന് കണ്ടെത്തിയതായി കൊയിലാണ്ടി എംഎൽഎ അഡ്വ. കെ. പ്രവീൺകുമാർ അറിയിച്ചു.

മിഷൻ സമുദ്ര പദ്ധതിയിൽ കൊയിലാണ്ടിയെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം തിരുവനന്തപുരത്തുനിന്നുള്ള വിദഗ്ധസംഘം കൊളാവിപ്പാലത്ത് പരിശോധന നടത്തി. പോർട്ട് ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ അശ്വനി പ്രതാപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. തീരപ്രദേശത്തുനിന്ന് ഏറ്റവും കുറഞ്ഞ ദൂരത്തിൽ ആഴമുള്ള കടൽഭാഗം ലഭ്യമാകുന്നത് കൊളാവിപ്പാലത്താണെന്നാണ് സംഘം കണ്ടെത്തിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശം പദ്ധതിക്ക് അനുയോജ്യമാണോയെന്ന് വിലയിരുത്തുന്നതിനായി പാരിസ്ഥിതിക പഠനങ്ങൾ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്താനും പദ്ധതി രൂപരേഖ തയ്യാറാക്കാനും തീരുമാനമായിട്ടുണ്ട്. തിരുവനന്തപുരത്തുനിന്നെത്തിയ സംഘത്തോടൊപ്പം കോഴിക്കോട് പോർട്ട് ഓഫീസർ ക്യാപ്റ്റൻ ഹരി രാഘവ വാര്യർ, ഹൈഡ്രോഗ്രഫിക് സർവേയർ വർഗീസ് എന്നിവരും പങ്കെടുത്തു.
വിദഗ്ധസംഘം സമർപ്പിച്ച റിപ്പോർട്ടിനെക്കുറിച്ച് മാരിടൈം ബില്ലുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ മുഖ്യമന്ത്രി നിയമസഭയിൽ പരാമർശിച്ചതായും കെ. പ്രവീൺകുമാർ വ്യക്തമാക്കി.
ഭാവിയിൽ മിഷൻ സമുദ്ര പദ്ധതിയിൽ ടൂറിസ്റ്റ് വെസലുകൾക്ക് പുറമേ ചെറിയ കാർഗോ കപ്പലുകൾക്കും സൗകര്യമൊരുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിലൂടെ കൊയിലാണ്ടിയുടെ തീരദേശ മേഖലയിൽ വിനോദസഞ്ചാര-വാണിജ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ സാധ്യതകൾ തുറക്കാനാകുമെന്നാണ് പ്രതീക്ഷ.
മിനി ഗോവ, സർഗ്ഗാലയ, കുഞ്ഞാലി മരക്കാർ സ്മാരകം, വെള്ളിയാംകല്ല് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സമഗ്രമായ ടൂറിസം സർക്യൂട്ട് രൂപീകരിക്കാനും ശ്രമം നടത്തും. പദ്ധതി യാഥാർഥ്യമായാൽ കൊയിലാണ്ടിയുടെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനും പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷ.