
തിരുവനന്തപുരം | തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊന്ന സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. പനയങ്കോട് സ്വദേശി രാഹുല്‍ (18) നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബൈക്ക് വില്‍പനയുമായി ബന്ധപ്പെട്ട മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

കാട്ടാക്കട എളളുവിള സ്വദേശി രാഹുല്‍ (24) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കാട്ടാക്കട കിളളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപം ഉണ്ടായ വാക്കുതര്‍ക്കമാണ് സംഭവത്തിന് തുടക്കമായത്. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് പ്രതി കൈവശമുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് രാഹുലിന്റെ വാരിയെല്ലിന് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ഉടന്‍ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.