You are currently viewing ദേഹാസ്വാസ്ഥ്യം; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ ജയിൽ ആശുപത്രിയിലേക്ക് മാറ്റി

ദേഹാസ്വാസ്ഥ്യം; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ ജയിൽ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജയിലിലെ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റി. കോട്ടയത്തുനിന്ന് വ്യാഴാഴ്ച രാത്രിയോടെ ജയിലിൽ എത്തിച്ചതിന് പിന്നാലെയാണ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്.

ജയിലിൽ സി 475 എന്ന നമ്പറിലാണ് തച്ചങ്കരി കഴിയുന്നത്. നിലവിൽ ആശുപത്രി ബ്ലോക്കിൽ കഴിയുന്ന അദ്ദേഹത്തിന് കട്ടിൽ സൗകര്യം അനുവദിച്ചിട്ടുണ്ട്. മറ്റ് തടവുകാരെപ്പോലെ വെള്ളമുണ്ടും ഷർട്ടുമാണ് ജയിൽ വേഷമായി നൽകിയിരിക്കുന്നത്.

താൻ നേരത്തെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടെന്നും കോടതി വിധി വരുന്നതിന് രണ്ട് ദിവസം മുൻപ് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നുവെന്നും തച്ചങ്കരി കോടതിയെ അറിയിച്ചിരുന്നു. നിലവിൽ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജയിൽ അധികൃതർ വ്യക്തമാക്കുന്നത്.

വെള്ളിയാഴ്ച ജയിൽ ഡോക്ടർ നടത്തുന്ന വിശദമായ പരിശോധനയ്ക്ക് ശേഷമായിരിക്കും ആശുപത്രി ബ്ലോക്കിൽ തന്നെ ചികിത്സ തുടരണമോ, ജനറൽ ആശുപത്രിയിലേക്കോ മെഡിക്കൽ കോളേജിലേക്കോ മാറ്റണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

ഔദ്യോഗിക പദവിയിലിരിക്കെ വരുമാനത്തിൽ കവിഞ്ഞ് 64.70 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിക്ക് നാല് വർഷം കഠിനതടവും 30.84 ലക്ഷം രൂപ പിഴയും വിധിച്ചത്. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന ഡിജിപി റാങ്കിലുള്ള ആദ്യ ഉദ്യോഗസ്ഥനാണ് ടോമിൻ ജെ. തച്ചങ്കരി.

Leave a Reply