
തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില വീണ്ടും വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാധാരണക്കാർക്ക് മേൽ വിലക്കയറ്റം അടിച്ചേൽപ്പിക്കുന്ന സമീപനം സർക്കാർ സ്വീകരിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിൽ രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്ക് കാരണം ജനങ്ങൾ ഇതിനകം തന്നെ ദുരിതമനുഭവിക്കുകയാണെന്നും, ഈ സാഹചര്യത്തിൽ പാലിന്റെ വില വീണ്ടും വർധിപ്പിക്കുന്നത് സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കൂടുതൽ വർധിപ്പിക്കുമെന്നും അദ്ദേഹം സാമൂഹിക മാധ്യമ പോസ്റ്റിലൂടെ വ്യക്തമാക്കി.
ക്ഷീരകർഷകർക്ക് ന്യായമായ വില ഉറപ്പാക്കേണ്ടത് അനിവാര്യമാണെങ്കിലും അതിന്റെ മുഴുവൻ ഭാരം ഉപഭോക്താക്കളുടെ മേൽ ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുൻ എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചിരുന്ന അതേ നയമാണ് ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരും പിന്തുടരുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
സർക്കാരിന്റെ വീഴ്ചകൾ കാരണം സാധാരണ മലയാളി കുടുംബങ്ങൾ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ വെറും കാഴ്ചക്കാരായി നിൽക്കാൻ ബിജെപി-എൻ.ഡി.എ തയ്യാറല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പാലിന്റെ വിലവർധന ഉടൻ പിൻവലിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്പാദനച്ചെലവുകൾ കുറച്ച് കർഷകരുടെയും ഉപഭോക്താക്കളുടെയും താൽപര്യങ്ങൾ ഒരുപോലെ സംരക്ഷിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ജനങ്ങളോട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒന്നിന് പുറകെ ഒന്നായി നടപ്പാക്കുന്ന വിലവർധന നടപടികളല്ല, മറിച്ച് ജനങ്ങൾക്ക് ആശ്വാസം നൽകുന്ന നടപടികളാണ് നിലവിലെ സാഹചര്യത്തിൽ കേരളത്തിന് ആവശ്യമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.