You are currently viewing കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് 19-കാരി അമ്മ; അന്തിമ തീരുമാനം പോലീസിന്റെ റിപ്പോർട്ടിന് ശേഷം

കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് 19-കാരി അമ്മ; അന്തിമ തീരുമാനം പോലീസിന്റെ റിപ്പോർട്ടിന് ശേഷം

ആലപ്പുഴ: നവജാത ശിശുവിനെ ഉപേക്ഷിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ അന്വേഷണം നേരിടുന്ന ഹരിപ്പാട് സ്വദേശിനിയായ 19-കാരി അമ്മ കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. കുഞ്ഞിനെ ഏറ്റെടുക്കുന്നതിനായി ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) അധികൃതർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയപ്പോഴാണ് യുവതി നിലപാട് മാറ്റി കുഞ്ഞിനെ വേണമെന്ന് അറിയിച്ചത്.

ആദ്യഘട്ടത്തിൽ കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറാകാതിരുന്ന യുവതി, ചൈൽഡ് ലൈൻ കൗൺസിലർമാർ പലതവണ നടത്തിയ കൗൺസിലിംഗിന് ശേഷമാണ് കുഞ്ഞിനെ തിരികെ ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ചതെന്നാണ് വിവരം.

അതേസമയം, നവജാത ശിശുവിനെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഹരിപ്പാട് പൊലീസ് യുവതിക്കെതിരെ വധശ്രമക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനാൽ കുഞ്ഞിനെ ഉടൻ അമ്മയ്ക്ക് കൈമാറുന്നതിന് നിയമപരമായ തടസങ്ങളുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

നിലവിലെ നിയമപ്രകാരം, ജനിച്ച കുഞ്ഞിനെ ആറുമാസം വരെ ആവശ്യപ്പെടാൻ അമ്മയ്ക്ക് അവകാശമുണ്ടെങ്കിലും കേസിന്റെ സാഹചര്യവും കുട്ടിയുടെ സുരക്ഷയും പരിഗണിച്ച് താൽക്കാലിക സംരക്ഷണത്തിനായി കുഞ്ഞിനെ ശിശുവികാസ് ഭവനിലേക്ക് മാറ്റിയിട്ടുണ്ട്.

പോലീസിന്റെ അന്വേഷണ റിപ്പോർട്ടും മറ്റ് നിയമപരമായ നടപടികളും പരിശോധിച്ച ശേഷമേ കുഞ്ഞിനെ അമ്മയ്ക്ക് വിട്ടുനൽകുന്ന കാര്യത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ. കുഞ്ഞിന്റെ ക്ഷേമവും സുരക്ഷയും മുൻനിർത്തിയായിരിക്കും തുടർനടപടികളെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Leave a Reply