You are currently viewing കൊളുക്കുമലയിൽ നിന്ന് യുവാവ് കൊക്കയിലേക്ക് ചാടി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

കൊളുക്കുമലയിൽ നിന്ന് യുവാവ് കൊക്കയിലേക്ക് ചാടി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഇടുക്കി: കൊളുക്കുമലയിൽ യുവാവ് അഗാധമായ കൊക്കയിലേക്ക് ചാടി. ചെന്നൈ അഭിരാമപുരം സ്വദേശി എൻ. ദ്രവിനേഷ് (25) ആണ് ഇന്ന് രാവിലെ സിംഹപാറ ഭാഗത്ത് നിന്ന് ഏകദേശം നൂറടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് ചാടിയതെന്നാണ് വിവരം.

ബന്ധുക്കൾക്കൊപ്പം കൊളുക്കുമലയിൽ സൂര്യോദയം കാണുന്നതിനായി ട്രക്കിങ് ജീപ്പിൽ എത്തിയ ദ്രവിനേഷ്, ഒപ്പമുണ്ടായിരുന്നവർക്കിടയിൽ നിന്ന് പെട്ടെന്ന് ഓടിമാറി കൊക്കയിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അപകടം നടന്ന സിംഹപാറ പ്രദേശം അതീവ ദുർഘടമായ ഭൂപ്രദേശമായതിനാൽ കേരള ഭാഗത്തുനിന്ന് താഴേക്ക് ഇറങ്ങി രക്ഷാപ്രവർത്തനം നടത്തുന്നത് പ്രായോഗികമല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. തമിഴ്നാട്ടിലെ കൊരങ്ങിണി ഭാഗത്തുനിന്നുള്ള മലനിരകൾ വഴിയാണ് അപകടസ്ഥലത്ത് എത്തിച്ചേരാൻ സാധിക്കുക.

സംഭവവിവരം ലഭിച്ചതിനെ തുടർന്ന് മൂന്നാർ ഫയർഫോഴ്‌സ് സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പ്രദേശത്തിന്റെ ഭൂപ്രകൃതിയും രക്ഷാപ്രവർത്തനത്തിലെ വെല്ലുവിളികളും കണക്കിലെടുത്ത് തമിഴ്നാട് ഫയർഫോഴ്‌സിന്റെ സഹായവും തേടിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരും തദ്ദേശവാസികളും ചേർന്ന് സംയുക്ത രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ ആരംഭിച്ചു.

യുവാവിന്റെ നടപടി ആത്മഹത്യാശ്രമമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഔദ്യോഗിക വിശദീകരണം പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply