
മാവേലിക്കര: ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര കണ്ണമംഗലം ഈരേഴു വടക്ക് മുറിയിൽ ദേവിവിലാസം വീട്ടിൽ രഞ്ചു ബി. പിള്ള (38)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവൻവണ്ടൂർ സ്വദേശിനിയായ ധന്യ കൃഷ്ണ, ഭർത്താവിന്റെ നിരന്തര പീഡനങ്ങൾ സഹിക്കാനാകാതെ 2026 ഏപ്രിൽ 26-ന് ആത്മഹത്യ ചെയ്തതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അന്ന് ഭർതൃഗൃഹത്തിൽ നിന്ന് താൻ ജോലി ചെയ്തിരുന്ന തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് പോകുന്നതിനായി വീട്ടിൽ നിന്ന് ഇറങ്ങിയ ധന്യ, പിന്നീട് സ്വകാര്യ ബസിൽ കയറി പുളിക്കീഴ് പാലത്തിൽ നിന്ന് മണിമലയാറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
യുവതിയെ കാണാതായതിനെ തുടർന്ന് മാവേലിക്കര പോലീസ് ആദ്യം മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് മെയ് 1-നാണ് മണിമലയാറ്റിൽ നിന്ന് ധന്യയുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വ്യാപിപ്പിച്ചു.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഗാർഹിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസിലെ വകുപ്പുകൾ മാറ്റി അന്വേഷണം തുടരുന്നതിനിടെയാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഭർത്താവ് രഞ്ചു ബി. പിള്ളയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മാവേലിക്കര പോലീസ് അറിയിച്ചു.