
ന്യൂഡൽഹി: വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അഞ്ചുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഊർജ, വ്യാപാര, സാങ്കേതിക സഹകരണം പുതിയ തലത്തിലേക്ക് ഉയരുമെന്ന പ്രതീക്ഷ ശക്തമാകുന്നു. നിലവിൽ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മൂലം ഇന്ത്യ നേരിടുന്ന എണ്ണവിതരണ പ്രതിസന്ധി മറികടക്കാൻ ഈ സന്ദർശനം നിർണായകമായേക്കുമെന്നാണ് വിലയിരുത്തൽ.
അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് തിരിച്ചടിയേറ്റിരുന്നു. ലോകത്തിലെ ഏറ്റവും വലിയ തെളിയിക്കപ്പെട്ട എണ്ണശേഖരമുള്ള വെനിസ്വേലയുമായി ബന്ധം ശക്തിപ്പെടുത്തുന്നത് ഇന്ത്യയ്ക്ക് പശ്ചിമേഷ്യയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഇന്ത്യയിലെ പ്രധാന സ്വകാര്യ എണ്ണശുദ്ധീകരണ കമ്പനികളിലൊന്നായ റിലയൻസ് റിഫൈനറി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് വെനസ്വേലയുടെ സൾഫർ അംശം കൂടുതലുള്ള ഹെവി ക്രൂഡ് കാര്യക്ഷമമായി സംസ്കരിക്കാൻ കഴിയുന്നതിനാൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഈ എണ്ണയിൽ നിന്ന് കൂടുതൽ ലാഭം നേടാനും സാധിക്കും.
വെനസ്വേലൻ എണ്ണ ഇന്ത്യയ്ക്ക് സാമ്പത്തികമായി ഏറെ പ്രയോജനകരമാണെന്ന വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്. ചില പഠനങ്ങൾ പ്രകാരം പരമ്പരാഗത വിതരണക്കാരിൽ നിന്നുള്ള എണ്ണയുടെ ഒരു ഭാഗം വെനസ്വേലൻ ക്രൂഡിലൂടെ മാറ്റിസ്ഥാപിച്ചാൽ ഇന്ത്യയുടെ വാർഷിക ഇന്ധന ഇറക്കുമതി ചെലവിൽ ബില്യൺ കണക്കിന് ഡോളറിന്റെ ലാഭമുണ്ടാകാം. ബ്രെന്റ് ക്രൂഡ് വിലയേക്കാൾ ബാരലിന് 6.5 മുതൽ 7 ഡോളർ വരെ കുറഞ്ഞ നിരക്കിൽ വെനസ്വേലൻ എണ്ണ ലഭിക്കുന്നതും ഇന്ത്യയ്ക്ക് അനുകൂല ഘടകമാണ്.
സന്ദർശനത്തിനിടെ ഊർജ മേഖലയിലെ സഹകരണത്തിന് പുറമെ രൂപ അടിസ്ഥാനമാക്കിയുള്ള വ്യാപാര സംവിധാനവും ചർച്ചയാകുന്നുണ്ട്. ഈ സംവിധാനം നിലവിൽ വന്നാൽ ഡോളറിനെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് രൂപയിൽ എണ്ണ വാങ്ങാനും വെനസ്വേലയ്ക്ക് ആ തുക ഉപയോഗിച്ച് ഇന്ത്യൻ മരുന്നുകൾ, ആരോഗ്യ ഉപകരണങ്ങൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവ വാങ്ങാനും കഴിയും. ഇത് ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിന് ഗുണകരമാകുന്നതിനൊപ്പം ആഭ്യന്തര ഉൽപ്പാദന മേഖലയ്ക്കും കയറ്റുമതി സാധ്യത വർധിപ്പിക്കും.
അതേസമയം, വെനസ്വേലയുടെ വൻ പ്രകൃതി വാതക ശേഖരവും ഇന്ത്യയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. ലോകത്തിലെ ഏഴാമത്തെ വലിയ പ്രകൃതി വാതക ശേഖരം കൈവശമുള്ള രാജ്യം അടുത്തിടെ ആദ്യ വാണിജ്യ എൽഎൻജി കയറ്റുമതി കരാറിൽ ഒപ്പുവെച്ചിരുന്നു. ഭാവിയിൽ ഇന്ത്യയുടെ ഊർജസുരക്ഷയ്ക്ക് ഇത് കൂടുതൽ അവസരങ്ങൾ തുറന്നേക്കും.
ഇതിനൊപ്പം വിദേശകാര്യം, ധനകാര്യം, ഗതാഗതം, ശാസ്ത്ര-സാങ്കേതികം തുടങ്ങിയ വകുപ്പുകളിലെ മന്ത്രിമാരടങ്ങിയ വെനസ്വേലൻ പ്രതിനിധിസംഘം ഇന്ത്യയിലെ ഓട്ടോമൊബൈൽ, ഫാർമസ്യൂട്ടിക്കൽ, നവീന ഊർജ മേഖലകളിലെ വ്യവസായ കേന്ദ്രങ്ങളും സന്ദർശിക്കും. സാങ്കേതിക കൈമാറ്റം, സംയുക്ത സംരംഭങ്ങൾ, നിക്ഷേപ സഹകരണം എന്നിവയും ചർച്ചകളുടെ ഭാഗമാകും.
എന്നാൽ വെനസ്വേലയുടെ എണ്ണ ഉൽപ്പാദന ശേഷി ഇപ്പോഴും പരിമിതമാണെന്നത് ഒരു വെല്ലുവിളിയാണ്. വർഷങ്ങളായുള്ള അടിസ്ഥാനസൗകര്യ ക്ഷാമവും നിക്ഷേപക്കുറവും മൂലം രാജ്യത്തിന്റെ മൊത്തം ഉൽപ്പാദനം പ്രതിദിനം പത്ത് ലക്ഷം ബാരലിൽ താഴെയാണ്. അതിനാൽ വെനസ്വേല ഇന്ത്യയുടെ പ്രധാന വിതരണക്കാരായ റഷ്യയെയോ മറ്റ് രാജ്യങ്ങളെയോ പൂർണമായും മാറ്റിസ്ഥാപിക്കാൻ സാധ്യത കുറവാണെങ്കിലും, കുറഞ്ഞ ചെലവിൽ ലഭിക്കുന്ന ഒരു പ്രധാന സ്രോതസ്സായി മാറാൻ കഴിയും.
ഊർജസുരക്ഷ, കുറഞ്ഞ ഇറക്കുമതി ചെലവ്, രൂപ അടിസ്ഥാനമാക്കിയുള്ള വ്യാപാര സാധ്യത, നിക്ഷേപ സഹകരണം, പ്രകൃതി വാതക മേഖലയിലെ ഭാവി അവസരങ്ങൾ എന്നിവ കണക്കിലെടുക്കുമ്പോൾ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന്റെ ഇന്ത്യാ സന്ദർശനം രാജ്യത്തിന് ഗണ്യമായ സാമ്പത്തികവും തന്ത്രപ്രധാനവുമായ നേട്ടങ്ങൾ നൽകുമെന്ന പ്രതീക്ഷയിലാണ് നയതന്ത്ര-വ്യവസായ വൃത്തങ്ങൾ.