
തിരുവനന്തപുരം: മുൻ സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ സസ്പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോക്, എൻ. പ്രശാന്ത് എന്നിവരുടെ സസ്പെൻഷൻ പിൻവലിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഒപ്പുവെച്ചു.

എൻ. പ്രശാന്ത് കഴിഞ്ഞ രണ്ട് വർഷത്തോളമായും ബി. അശോക് ഒന്നര വർഷത്തോളമായും സസ്പെൻഷനിലായിരുന്നു. ഉദ്യോഗസ്ഥർ നടത്തിയ വിമർശനങ്ങളുടെ പേരിൽ സ്വീകരിച്ച നടപടി അനാവശ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചത്.
സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിൽ രണ്ട് ഉദ്യോഗസ്ഥരെ ദീർഘകാലം സർവീസിന് പുറത്തുനിർത്തുന്നത് ഉചിതമല്ലെന്നും സർക്കാർ വിലയിരുത്തിയതായാണ് വിവരം. ഇതും തീരുമാനം കൈക്കൊള്ളുന്നതിൽ പ്രധാന ഘടകമായി.
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചതിനെ തുടർന്നാണ് എൻ. പ്രശാന്തിനെതിരെ നടപടി സ്വീകരിച്ചത്. ഇതേതുടർന്ന് അദ്ദേഹം ഏകദേശം രണ്ട് വർഷമായി സസ്പെൻഷനിലായിരുന്നു.
അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മുൻ സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശിച്ച് അഭിമുഖം നൽകിയതിനെ തുടർന്നാണ് ബി. അശോകിനെ സസ്പെൻഡ് ചെയ്തത്. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ മാധ്യമങ്ങളുമായി സംസാരിച്ചതും സർക്കാരിന്റെ പ്രതിഛായയ്ക്ക് മങ്ങലേൽപ്പിച്ചതുമാണ് അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ട പ്രധാന ആരോപണങ്ങൾ.
സസ്പെൻഷൻ പിൻവലിച്ചതോടെ ഇരുവരും വീണ്ടും സർവീസിലേക്ക് മടങ്ങാനുള്ള നടപടികൾ വേഗത്തിലാകുമെന്നാണ് സൂചന. ഭരണസംവിധാനത്തിൽ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ സേവനം കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ഈ തീരുമാനം സഹായിക്കുമെന്ന പ്രതീക്ഷയും ഉയരുന്നുണ്ട്.