You are currently viewing പത്തനാപുരം കലഞ്ഞൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം; നാല് പേർക്ക് പരിക്ക്

പത്തനാപുരം കലഞ്ഞൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം; നാല് പേർക്ക് പരിക്ക്

പത്തനാപുരം: പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കലഞ്ഞൂർ വലിയ പള്ളിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ ഭീകര അപകടത്തിൽ പിതാവും മകളും മരണമടഞ്ഞു. തമിഴ്നാട്ടിലെ തെങ്കാശി സ്വദേശികളായ സുന്ദർരാജും മകൾ രജനിയുമാണ് അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചത്. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം.

തമിഴ്നാട്ടിൽ നിന്ന് വൈക്കോൽ കയറ്റി പത്തനംതിട്ട ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും പത്തനംതിട്ടയിൽ നിന്ന് തെങ്കാശിയിലേക്ക് പോവുകയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ലോറി എതിർദിശയിലേക്ക് കയറി കാറിലിടിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തുടർന്ന് ലോറി സമീപത്തെ തോട്ടിലേക്ക് മറിയുകയും ചെയ്തു.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന നാല് യാത്രക്കാരിൽ സുന്ദർരാജും രജനിയും സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. പരിക്കേറ്റ കാർ ഡ്രൈവറെയും മറ്റൊരു യാത്രക്കാരനെയും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോറിയിലുണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ പത്തനംതിട്ട ഇ.എം.എസ് ആശുപത്രിയിലും പുനലൂർ താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപകടവിവരം ലഭിച്ചതിനെ തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. മരിച്ചവരുടെ മൃതദേഹങ്ങൾ കോന്നി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അതേസമയം, തോട്ടിലേക്ക് മറിഞ്ഞ ലോറി ഉയർത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. വൈക്കോൽ നിറച്ചിരുന്നതിനാൽ ക്രെയിൻ ഉപയോഗിച്ചുള്ള ആദ്യഘട്ട ശ്രമങ്ങൾ വിജയിച്ചില്ല. തുടർന്ന് ലോറിയിലെ ഭാരം കുറച്ച ശേഷമാണ് വാഹനം കരയ്ക്കു കയറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നത്.

Leave a Reply