
തിരുവനന്തപുരം: സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും കുടിശ്ശിക വായ്പക്കാർക്ക് വലിയ ആശ്വാസമായി സംസ്ഥാന സർക്കാർ “ആശ്വാസ്-2026” ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. യു.ഡി.എഫ് സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ജൂൺ 1 മുതൽ ആഗസ്റ്റ് 31 വരെ പദ്ധതി നടപ്പിലാക്കുമെന്ന് സഹകരണ വകുപ്പ് അറിയിച്ചു.

പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്കുള്ള ബാധ്യത കുറയ്ക്കുകയും, വർധിച്ചുവരുന്ന നിഷ്ക്രിയ ആസ്തികളും കുടിശ്ശികയും കുറച്ച് നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി ജപ്തി, ലേല നടപടികൾ താത്കാലികമായി നിർത്തിവയ്ക്കും. കൂടാതെ, പിഴപ്പലിശ പൂർണമായും ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകളിൽ ആർബിട്രേഷൻ, എക്സിക്യൂഷൻ ഫീസ്, കോടതി ചെലവ്, പരസ്യച്ചെലവ് എന്നിവയും ഒഴിവാക്കും.
സ്വർണപ്പണയ വായ്പകളും നിക്ഷേപ വായ്പകളും ഒഴികെയുള്ള കാലാവധി കഴിഞ്ഞ എം.ഡി.എസ്, എം.എസ്.എസ് ഉൾപ്പെടെയുള്ള എല്ലാ വായ്പകളും പദ്ധതിയുടെ പരിധിയിൽ വരും. 50,000 രൂപ വരെയുള്ള വായ്പകളിൽ കുടിശ്ശിക കാലയളവനുസരിച്ച് 10 ശതമാനം മുതൽ 50 ശതമാനം വരെ പലിശ ഇളവ് ലഭിക്കും.
50,000 രൂപയ്ക്ക് മുകളിൽ അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകളിൽ വായ്പ എടുത്ത സമയത്തെ പലിശ നിരക്കോ നിലവിലെ പലിശ നിരക്കോ ഏതാണോ കുറവ്, അതനുസരിച്ച് പലിശ കണക്കാക്കി വായ്പ അവസാനിപ്പിക്കാം. പലിശ തുക മുതലിനേക്കാൾ കൂടുതലായാൽ അത് മുതലിനോട് ക്രമീകരിക്കാനും അനുമതിയുണ്ട്.
അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ടവരുടെ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകളിൽ മുതൽ തുക മാത്രം ഈടാക്കി വായ്പ അവസാനിപ്പിക്കാനും, ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകളിൽ 50 ശതമാനം പലിശ ഇളവ് അനുവദിക്കാനും പദ്ധതിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
അഞ്ച് ലക്ഷം മുതൽ 25 ലക്ഷം രൂപ വരെയുള്ള വായ്പകളിൽ പരമാവധി 25 ശതമാനവും, 25 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെയുള്ള വായ്പകളിൽ പരമാവധി 15 ശതമാനവും പലിശ ഇളവ് ലഭിക്കും. മാരകരോഗം ബാധിച്ചവർക്കും അത്തരം രോഗികളുള്ള കുടുംബങ്ങളിലെ വായ്പക്കാർക്കും അധിക പലിശ ഇളവിനും അവസരമുണ്ട്.
കാലാവധി കഴിഞ്ഞ ഓവർഡ്രാഫ്റ്റ്, ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടുകളിലെ കുടിശ്ശികയ്ക്കും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. അതേസമയം, കൃത്യമായി വായ്പ തിരിച്ചടക്കുന്നവർക്ക് അടച്ച പലിശയിൽ അഞ്ച് ശതമാനം പ്രോത്സാഹന ഇളവും നൽകും.
സഹകരണ മേഖലയിലെ കുടിശ്ശിക കുറയ്ക്കുന്നതിനും സാമ്പത്തിക അച്ചടക്കം ശക്തിപ്പെടുത്തുന്നതിനും സഹായകരമാകുന്ന പദ്ധതിയായി “ആശ്വാസ്-2026” മാറുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പരമാവധി പേർ ഈ അവസരം പ്രയോജനപ്പെടുത്തി കുടിശ്ശികകൾ തീർപ്പാക്കണമെന്ന് സഹകരണ വകുപ്പ് അഭ്യർഥിച്ചു.