You are currently viewing ഓണാട്ടുകര എള്ളിന് ദേശീയ അംഗീകാരം; ഭക്ഷ്യഎണ്ണ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി

ഓണാട്ടുകര എള്ളിന് ദേശീയ അംഗീകാരം; ഭക്ഷ്യഎണ്ണ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി

മാവേലിക്കര: ഓണാട്ടുകര മേഖലയിലെ പരമ്പരാഗത എള്ളുകൃഷി കേന്ദ്ര സർക്കാരിന്റെ ദേശീയ ഭക്ഷ്യഎണ്ണ വികസന പദ്ധതിയിൽ (National Mission on Edible Oils) ഉൾപ്പെടുത്തിയതായി എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. ഓണാട്ടുകരയിലെ കർഷകരുടെ ദീർഘകാല ആവശ്യത്തിന് ലഭിച്ച വലിയ അംഗീകാരമാണിതെന്നും, മേഖലയിലെ കാർഷിക വികസനത്തിന് ഇത് പുതിയ വഴിത്തിരിവാകുമെന്നും അദ്ദേഹം പറഞ്ഞു.

ഓണാട്ടുകരയുടെ പ്രത്യേകതകളും എള്ളുകൃഷിയുടെ സമ്പന്നമായ പാരമ്പര്യവും കേന്ദ്ര കൃഷിമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. പാർലമെന്റിന്റെ കൃഷി സ്റ്റാൻഡിങ് കമ്മിറ്റി അംഗമെന്ന നിലയിൽ വിഷയം നിരന്തരം ഉന്നയിക്കുകയും ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്തതിന്റെ ഫലമായാണ് പദ്ധതി അംഗീകാരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 1,000 ഹെക്ടർ പ്രദേശത്ത് എള്ളുകൃഷി വ്യാപിപ്പിക്കുന്നതിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇതുവഴി കർഷകർക്ക് ഗുണമേന്മയുള്ള വിത്തുകൾ, സാങ്കേതിക സഹായം, പരിശീലനം, കൃഷി വികസന പിന്തുണ എന്നിവ ലഭ്യമാകും. കൂടാതെ തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കി കൂടുതൽ പ്രദേശങ്ങൾ എള്ളുകൃഷിക്ക് കീഴിൽ കൊണ്ടുവരാനും പദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

ഓണാട്ടുകരയുടെ കാർഷിക പാരമ്പര്യം സംരക്ഷിക്കുന്നതിനും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും ദേശീയ ഭക്ഷ്യഎണ്ണ വികസന പദ്ധതിയിലെ ഉൾപ്പെടുത്തൽ വലിയ മുതൽക്കൂട്ടാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കർഷകരുടെ ന്യായമായ ആവശ്യങ്ങൾക്കായി തുടർന്നും ശക്തമായി ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓണാട്ടുകരയുടെ മണ്ണിനും കർഷകർക്കും ലഭിച്ച ഈ ദേശീയ അംഗീകാരം മേഖലയിലെ കാർഷിക പുരോഗതിക്ക് പുതിയ ഊർജം പകരുമെന്നും എള്ളുകൃഷി രംഗത്ത് കൂടുതൽ നിക്ഷേപങ്ങളും വികസന പ്രവർത്തനങ്ങളും ആകർഷിക്കുമെന്നും കർഷക സമൂഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Leave a Reply