You are currently viewing മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും ഒഴുക്കിൽപ്പെട്ടു; കുറ്റ്യാടി പുഴയിൽ അമ്മയ്ക്കും മകനും ദാരുണാന്ത്യം

മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും ഒഴുക്കിൽപ്പെട്ടു; കുറ്റ്യാടി പുഴയിൽ അമ്മയ്ക്കും മകനും ദാരുണാന്ത്യം

കോഴിക്കോട്: നാടിനെ കണ്ണീരിലാഴ്ത്തി കുറ്റ്യാടി പുഴയിൽ ഉണ്ടായ ദുരന്തത്തിൽ അമ്മയ്ക്കും ഏഴുവയസ്സുകാരനായ മകനും ദാരുണാന്ത്യം. തോട്ടത്താങ്കണ്ടി അണ്ടികുന്നുമ്മൽ സുധീഷിന്റെ ഭാര്യയും ഫാർമസിസ്റ്റുമായ രമ്യ (35), മകൻ ശിവനന്ദ് (7) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച പുഴക്കരയിൽ തുണി അലക്കാനെത്തിയതായിരുന്നു രമ്യയും മകനും. ഇതിനിടെ സമീപത്ത് കളിച്ചുകൊണ്ടിരുന്ന ശിവനന്ദ് കാൽവഴുതി പുഴയിലെ ആഴങ്ങളിലേക്ക് വീഴുകയായിരുന്നു. കൺമുന്നിൽ ഒഴുക്കിൽപ്പെടുന്ന മകനെ രക്ഷിക്കാനായി ഒരു നിമിഷം പോലും ആലോചിക്കാതെ രമ്യ പുഴയിലേക്ക് ചാടിയെങ്കിലും ശക്തമായ ഒഴുക്കിൽ അമ്മയും മകനും അകപ്പെടുകയായിരുന്നു.

അപകടവിവരം അറിഞ്ഞ് നാട്ടുകാരും പേരാമ്പ്ര, നാദാപുരം ഫയർഫോഴ്സ് സംഘങ്ങളും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ആദ്യം രമ്യയെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തുടർന്ന് രാത്രി വൈകിയും തിരച്ചിൽ തുടരുകയും രാത്രി എട്ടുമണിയോടെ ശിവനന്ദിന്റെ മൃതദേഹവും പുഴയിൽ നിന്ന് കണ്ടെത്തുകയും ചെയ്തു.

Leave a Reply