
കൊച്ചി: എറണാകുളം കലൂരിൽ കമന്റടിച്ചതിനെ ചോദ്യം ചെയ്ത രണ്ട് യുവതികളെ ക്രൂരമായി മർദിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്ത കേസിലെ മുഖ്യപ്രതി പാലക്കാട് മണ്ണാർക്കാട് പുല്ലശ്ശേരി സ്വദേശി അക്ബർ അലി (29) അറസ്റ്റിലായി. എറണാകുളത്ത് നിന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ചെർപ്പുളശ്ശേരിയിൽ നിന്ന് എറണാകുളം നോർത്ത് പൊലീസ് പാലക്കാട് പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.

അറസ്റ്റോടെ കേസിലെ ആകെ 10 പ്രതികളിൽ നാല് പേർ പൊലീസ് പിടിയിലായതായി അധികൃതർ അറിയിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 4.30ഓടെ കലൂർ ജംഗ്ഷനിലെ ചക്കാലപ്പാടം റോഡിലായിരുന്നു സംഭവം. ചായ കുടിക്കാനായി പുറത്തിറങ്ങിയ വിദ്യാർഥിനികളെയാണ് പത്തംഗ സംഘം ആക്രമിച്ചത്. യുവതികളെ കമന്റടിച്ചതിനെ ചോദ്യം ചെയ്തതോടെയാണ് ആക്രമണമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിന് പിന്നാലെ സിറ്റി പൊലീസിന്റെ വിവിധ സംഘങ്ങൾ പ്രതികൾക്കായി വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് അക്ബർ അലി ചെർപ്പുളശ്ശേരിയിൽ എത്തിയെന്ന രഹസ്യവിവരം ലഭിച്ചത്. വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തുന്ന ഒരു സ്ഥാപനത്തിൽ കാറുമായി പ്രതി എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഉടൻ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.