കേരളത്തിന്റെ റെയിൽവേ വികസന ആവശ്യങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി ബിജെപി സംസ്ഥാന നേതൃത്വം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവും റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി മുൻ ചെയർമാനുമായ പി.കെ. കൃഷ്ണദാസും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദർശിച്ചാണ് വിവിധ വിഷയങ്ങൾ ഉന്നയിച്ചത്.
കേരളത്തിന്റെ വിവിധ റെയിൽവേ വികസന ആവശ്യങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി ബിജെപി സംസ്ഥാന നേതൃത്വം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവും റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി മുൻ ചെയർമാനുമായ പി.കെ. കൃഷ്ണദാസും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദർശിച്ച് സംസ്ഥാനവുമായി ബന്ധപ്പെട്ട പ്രധാന ആവശ്യങ്ങൾ അവതരിപ്പിച്ചു.
റെയിൽവേയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സംസ്ഥാന നേതൃത്വത്തിന് ലഭിച്ച അഭ്യർത്ഥനകൾ മന്ത്രിയെ ഇരുവരും ധരിപ്പിച്ചു. സംസ്ഥാനത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ ട്രെയിൻ സ്റ്റോപ്പുകൾ അനുവദിക്കണമെന്ന ആവശ്യവും കൂടിക്കാഴ്ചയിൽ ഉന്നയിച്ചു. യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനും പൊതുജനങ്ങളുടെ യാത്രാ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനുമായി വിഷയത്തിൽ അനുകൂല നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
കൂടിക്കാഴ്ചയിൽ അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി കേരളത്തിൽ പുരോഗമിക്കുന്ന റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങളും ചർച്ചയായി. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി ഉറപ്പുനൽകിയതായി നേതാക്കൾ അറിയിച്ചു.
തിരുവനന്തപുരം സൗത്ത് എന്ന പേരിൽ വികസിപ്പിക്കുന്ന നേമം ടെർമിനൽ പദ്ധതിയുടെ പുരോഗതിയും യോഗത്തിൽ ചർച്ചയായി. പദ്ധതി വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായി അവർ അറിയിച്ചു.
കേരളത്തിലെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിനും യാത്രക്കാരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനും കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന സന്ദേശമാണ് കൂടിക്കാഴ്ചയിലൂടെ ലഭിക്കുന്നതെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു.