മുനമ്പം ഫിഷറീസ് ഹാർബറിന്റെ സമഗ്ര ആധുനികവത്കരണവുമായി ബന്ധപ്പെട്ട് നിർണായക യോഗം ചേർന്നതായി എറണാകുളം എംപി ഹൈബി ഈഡൻ അറിയിച്ചു. ഹാർബറിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയം കഴിഞ്ഞ ദിവസം ഫിഷറീസ് മന്ത്രി വി. അബ്ദുൽ ഗഫൂറിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് മന്ത്രി പ്രത്യേക യോഗം വിളിച്ചത്.
യോഗത്തിൽ ടോണി ചമ്മിണി എം.എൽ.എ, എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജി എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു. മുനമ്പം ഹാർബറിന്റെ അടിസ്ഥാന സൗകര്യ വികസനം, ഭാവി ആവശ്യങ്ങൾ, കേന്ദ്രസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.
മുൻപ് ജില്ലാ കളക്ടറുടെ നിർദേശപ്രകാരം കോഴിക്കോട് എൻ.ഐ.ടി തയ്യാറാക്കിയ വിശദമായ പദ്ധതി രേഖയ്ക്ക് ഏകദേശം 200 കോടി രൂപയുടെ ചെലവാണ് കണക്കാക്കുന്നത്. പരിസ്ഥിതി സൗഹൃദ അടിസ്ഥാന സൗകര്യങ്ങൾ, ആധുനിക മാലിന്യ സംസ്കരണ സംവിധാനം, ഊർജക്ഷമത ഉറപ്പാക്കുന്ന സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തി ‘ഗ്രീൻ സ്മാർട്ട് ഹാർബർ’ എന്ന ആശയത്തിലാണ് മുനമ്പം ഫിഷറിന്റെ വികസനം വിഭാവനം ചെയ്തിരിക്കുന്നത്.
പദ്ധതിക്കാവശ്യമായ ധനസഹായം അനുവദിക്കുന്നതിനായി വിശദമായ പദ്ധതി രേഖ എത്രയും വേഗം കേന്ദ്ര സർക്കാരിന് സമർപ്പിക്കണമെന്ന് ഫിഷറീസ് മന്ത്രിയോട് ആവശ്യപ്പെട്ടതായി ഹൈബി ഈഡൻ അറിയിച്ചു. മുനമ്പം ഹാർബറിന്റെ വികസനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി വിഷയം നിരവധി തവണ പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതായും അദ്ദേഹം വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുന്നതിനൊപ്പം ആധുനിക സൗകര്യങ്ങളുള്ള ഹാർബറായി മുനമ്പത്തെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.