
എറണാകുളം: പച്ചാളം, വടുതല മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പിന്നിലെ കാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് എറണാകുളം എംഎൽഎ ടിജെ വിനോദ്. വിഷയത്തിൽ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിനും സിറ്റി പോലീസ് കമ്മീഷണർക്കും ഔദ്യോഗികമായി പരാതി നൽകിയതായി എംഎൽഎ അറിയിച്ചു.
കുടിവെള്ള വിതരണം തടസ്സപ്പെട്ട സാഹചര്യത്തിൽ തന്റെ ഇടപെടലിനെ തുടർന്ന് നടത്തിയ അടിയന്തര പരിശോധനയിൽ, വെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പ് ലൈനിലെ ഒരു വാൽവ് അടഞ്ഞുകിടക്കുന്നതാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയതെന്ന് ടിജെ വിനോദ് പറഞ്ഞു. തുടർന്ന് വാൽവ് ഉടൻ തുറന്ന് ജലവിതരണം പുനഃസ്ഥാപിക്കാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
“പച്ചാളത്തേക്കുള്ള ആ വാൽവ് തനിയെ അടഞ്ഞുപോകുമോ?” എന്ന ചോദ്യമാണ് എംഎൽഎ ഉയർത്തുന്നത്. സംഭവത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്താൻ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും, ഉത്തരവാദികൾക്കെതിരെ മാതൃകാപരമായ വകുപ്പ് തല നടപടിയും ആവശ്യമായ ക്രിമിനൽ നടപടിയും സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സമാനമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മറ്റ് പ്രദേശങ്ങളിലും വിശദമായ പരിശോധനകൾ നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.
കുടിവെള്ളം ജനങ്ങളുടെ അടിസ്ഥാന അവകാശമാണെന്നും അതിനെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ലെന്നും ടിജെ വിനോദ് വ്യക്തമാക്കി. എറണാകുളം നഗരത്തിലെ ജനങ്ങൾക്ക് തടസ്സമില്ലാതെ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി എല്ലാ തലങ്ങളിലും ശക്തമായ ഇടപെടൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.