You are currently viewing ആർട്ടിക്കിൽ നിന്ന് അന്റാർട്ടിക്കയിലേക്ക്; ലോകത്തിലെ ദീർഘദൂര യാത്രികൻ കേരള തീരത്ത്

ആർട്ടിക്കിൽ നിന്ന് അന്റാർട്ടിക്കയിലേക്ക്; ലോകത്തിലെ ദീർഘദൂര യാത്രികൻ കേരള തീരത്ത്

കൊല്ലം: ഇന്ത്യയിൽ അപൂർവമായി മാത്രം രേഖപ്പെടുത്തപ്പെടുന്ന ദീർഘദൂര ദേശാടന പക്ഷിയായ ആർട്ടിക് ടേൺ (Arctic Tern) കൊല്ലം അഴീക്കൽ തീരത്ത് കണ്ടെത്തി. മൺസൂൺ കാലത്ത് സംഘടിപ്പിക്കുന്ന ‘സീവാച്ച്’ കടൽപക്ഷി നിരീക്ഷണ പരിപാടിയുടെ ഭാഗമായി പക്ഷിനിരീക്ഷകരായ ഫൈസൽ ഫസലുദ്ദീനും ആദിത്യനും നടത്തിയ നിരീക്ഷണത്തിനിടെയാണ് ഈ അപൂർവ കാഴ്ച ശ്രദ്ധയിൽപ്പെട്ടത്.

ആർട്ടിക് മേഖലയിലെ തണുത്ത പ്രദേശങ്ങളിൽ പ്രജനനം നടത്തുന്ന ആർട്ടിക് ടേണുകൾ ശൈത്യകാലം ആരംഭിക്കുമ്പോൾ ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി അന്റാർട്ടിക്കയിലേക്ക് ദേശാടനം നടത്തുന്നവയാണ്. തുടർന്ന് വീണ്ടും ആർട്ടിക് മേഖലയിലേക്ക് മടങ്ങുന്ന യാത്രയ്ക്കിടെയാണ് ഇവ കേരള തീരത്തുകൂടി പറന്നെത്തിയതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

ലോകത്ത് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ദേശാടന പക്ഷികളിലൊന്നായ ആർട്ടിക് ടേണുകൾ പ്രതിവർഷം ഏകദേശം 70,900 കിലോമീറ്റർ വരെ യാത്ര ചെയ്യാറുണ്ട്. ആർട്ടിക് ധ്രുവത്തിൽ നിന്ന് അന്റാർട്ടിക്കയിലേക്കും തിരിച്ചുമുള്ള ഈ അത്ഭുതകരമായ സഞ്ചാരം പ്രകൃതിയിലെ ഏറ്റവും വിസ്മയകരമായ ദേശാടന പ്രതിഭാസങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.

കടൽ ഉപരിതലത്തിൽ കാണപ്പെടുന്ന ചെറിയ മത്സ്യങ്ങളും ചെറുജീവികളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. പറന്നുനടക്കുന്നതിനിടെ വെള്ളത്തിലേക്ക് അതിവേഗം മുങ്ങി ഇരപിടിക്കുന്ന പ്രത്യേക ശൈലിയാണ് ഇവയ്ക്കുള്ളത്. വെളുത്ത നിറത്തിലുള്ള ശരീരവും തലയിൽ കറുത്ത തൊപ്പിപോലുള്ള അടയാളവും നീളത്തിൽ രണ്ടായി പിരിഞ്ഞ വാലുമാണ് ആർട്ടിക് ടേണിന്റെ പ്രധാന പ്രത്യേകതകൾ. സാധാരണയായി കടൽത്തീരത്തെ പാറകൾക്കിടയിലാണ് ഇവ തങ്ങുകയും കൂടൊരുക്കുകയും ചെയ്യുന്നത്.

അഴീക്കലിൽ ആർട്ടിക് ടേണിന്റെ സാന്നിധ്യം രേഖപ്പെടുത്തിയത് കേരളത്തിലെ കടൽപക്ഷി പഠനത്തിനും ദേശാടന പക്ഷികളുടെ സഞ്ചാരപാതകൾ മനസിലാക്കുന്നതിനുമുള്ള പ്രധാനപ്പെട്ട കണ്ടെത്തലായാണ് പക്ഷിനിരീക്ഷകർ വിലയിരുത്തുന്നത്.

Leave a Reply